മുല്ലപ്പള്ളിയുടെ നിലപാട് സൈബർ സഖാക്കൾക്ക് ലൈക്കടിച്ചപോലെയെന്ന് അനിൽ അക്കര


കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമർശനവുമായി അനിൽ അക്കര എം.എൽ.എ രംഗത്തെത്തി. ആലത്തൂർ എം.പി രമ്യ ഹരിദാസിന്റെ കാർ വിവാദത്തിലാണ് എം.എൽ.എ മുല്ലപ്പള്ളിക്കെതിരെ വിമർശനവുമായെത്തിയത്. മുല്ലപ്പള്ളിയെ പോലെ താനും എ.ഐ.സി.സി അംഗമാണെന്ന് അദ്ദേഹം പറ‌ഞ്ഞു. മുല്ലപ്പള്ളിയുടെ നിലപാട് സൈബർ സഖാക്കൾക്ക് ലെെക്കടിച്ചപോലെയാണെന്നും അനിൽ അക്കര കൂട്ടിച്ചേർത്തു. കെ.പി.സി.സി പ്രസിഡന്റിന് ഫേസ്ബുക്കിൽ പ്രതികരിക്കാമെങ്കിൽ തങ്ങൾക്കുമാകാമെന്നും എം.എൽ.എമാരെ കെ.പി.സി.സി യോഗത്തിന് ക്ഷണിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.

മാസങ്ങളായി തൃശൂരിന് ഡി.സി.സി പ്രസിഡന്റില്ലെന്ന പരാതിയുമായുമായി അനിൽ അക്കരെ നേരത്തെ പ്രതികരിച്ചിരുന്നു. ഡി.സി.സി പ്രസിഡന്റില്ലെങ്കിൽ ചുമതലക്കാരനെങ്കിലും ഉത്തരവാദിത്തം ഏൽപ്പിക്കണമെന്നും അനിൽ അക്കര ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഡി.സി.സി പ്രസിഡന്റിനെ നിയമിക്കാത്തതിന്റെ ഉത്തരവാദിത്തം കെ.പി.സി.സി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രൻ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

രമ്യ ഹരിദാസിന് കാർ വാങ്ങിക്കൊടുക്കാൻ യൂത്ത് കോൺഗ്രസ് പിരിവ് തുടങ്ങിയപ്പോൾ അതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശമുണ്ടായിരുന്നു. എന്നാൽ, യൂത്ത് കോൺഗ്രസിന് പിന്തുണച്ച് അനിൽ അക്കര പോസ്റ്റിടുകയും ഒടുവിൽ വിവാദം കനത്തപ്പോൾ മുല്ലപ്പള്ളി എതിർപ്പ് രേഖപ്പെടുത്തിയതോടെ യൂത്ത് കോൺഗ്രസ് കാർ വാങ്ങൽ പരിപാടിയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.

You might also like

Most Viewed