വടക്കൻ കേരളത്തിൽ മഴ തുടരുന്നു: കൂടുതൽ ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു


കോഴിക്കോട്: ജൂലൈ 19 മുതൽ ആരംഭിച്ച മഴ വടക്കൻ കേരളത്തിൽ ഇന്നും തുടരുന്നു. കാസർഗോഡ് അഞ്ചാം ദിവസവും മഴ ശക്തമായി തുടർന്നതോടെ മധുവാഹിനി പുഴ കരകവിഞ്ഞൊഴുകി. ഇതേ തുടർന്ന് പുഴയോരത്തെ വീടുകൾ അപകടാവസ്ഥയിലാണ്. അധികൃതർ ഇടപെട്ട് മൂന്നു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റിയിട്ടുണ്ട്. 

കാഞ്ഞങ്ങാട്, നീലേശ്വരം, പൂല്ലൂർ, പെരിയ, മധൂർ‍ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലാണ്. കാഞ്ഞങ്ങാട് ബെല്ലാ സ്കൂളിലും ചെങ്കളയിലും പുതിയ ദുരിതാശ്വാസ ക്യാന്പുകൾ തുടങ്ങി. കണ്ണൂർ ഇരിട്ടി മണിക്കടവിൽ ഇന്നലെ ജീപ്പ് മറിഞ്ഞ് കാണാതായ ലതീഷിന്‍റെ മൃതദേഹം ഇന്ന് കിട്ടി. 

കണ്ണൂർ തവകരയിൽ വെള്ളം കയറിയതിനെ മാറ്റി പാർപ്പിച്ച 85 പേർ ഇപ്പോഴും ക്യാന്പുകളിൽ‍ തന്നെ തുടരുകയാണ്. മഴ ശക്തമായതോടെ കോഴിക്കോട് കൊയിലാണ്ടിയിൽ മൂന്ന് ദുരിതാശ്വാസ ക്യാന്പുകൾ കൂടി തുറന്നു. 89 പേരെ ക്യാന്പുകളിലേക്ക് മാറ്റി. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. വയനാട്ടിലും മലപ്പുറത്തും മഴ പെയ്യുന്നുണ്ട്. എന്നാൽ ഇരു ജില്ലകളിലും ദുരിതാശ്വാസ ക്യാന്പുകൾ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

അ‍ഞ്ച് ദിവസം മഴ തിമിർത്ത് പെയ്തതോടെ സംസ്ഥാനത്തെ മഴക്ഷാമം 27 ശതമാനമായി കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ എന്നീ അഞ്ച് ജില്ലകളിൽ മഴക്കുറവ് പരിഹരിക്കപ്പെട്ടു. നാളെയോടെ കേരളത്തിൽ മഴ കുറയുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ പ്രവചനം.

You might also like

Most Viewed