സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി; ശ്രീറാമിന് ജാമ്യം


കൊച്ചി: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ മരിക്കാനിടയാക്കിയ സംഭവത്തിൽ ശ്രീറാം വെങ്കട്ടരാമന്‍റെ ജാമ്യം ഹൈക്കോടതി ശരിവച്ചു. സർക്കാർ നൽകിയ അപ്പീലിൽ സർക്കാരിന്‍റെ മുഴുവൻ വാദങ്ങളും തള്ളിക്കൊണ്ടാണ് ജസ്റ്റീസ് രാജാ വിജയരാഘവനാണ് ജാമ്യം ശരിവച്ചത്.  കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് രാത്രിയിലാണ് മദ്യലഹരിയിൽ ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചത്. തുടർന്ന് അറസ്റ്റിലായ ശ്രീറാമിന് ചൊവ്വാഴ്ച തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം നൽകി. ഇതിനെതിരായാണ് സർക്കാർ അപ്പീൽ നൽകിയത്. അപകടം നടന്നയുടൻ ആശുപത്രിയിലെത്തിച്ച ശ്രീറാമിന്‍റെ രക്തസാന്പിൾ ശേഖരിക്കാൻ എന്തായിരുന്നു തടസമെന്നും അപകടം നടന്നശേഷം ശ്രീറാം ആശുപത്രിയിൽ എത്തിയ അവസരത്തിൽ നിമിഷനേരം കൊണ്ട് പരിശോധന നടത്താനാവുമായിരുന്നില്ലേയെന്നും ഹർജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. 15 മിനിറ്റിനകം നടത്തേണ്ട രക്തപരിശോധന പത്തു മണിക്കൂർ കഴിഞ്ഞ് നടത്തിയിട്ടെന്തു കാര്യമാണുള്ളത്. ഗവർണർ ഉൾപ്പെടെ താമസിക്കുന്ന പ്രധാന മേഖലയിൽ സിസിടിവി ദൃശ്യങ്ങളില്ലേ എന്നിങ്ങനെ കോടതി ചോദിച്ചു. <br> <br> എന്നാൽ കേസിലെ അന്വേഷണം പൂർത്തിയായിവരുന്നതായും വസ്തുതകൾ കണക്കിലെടുക്കാതെയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയതെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി വാദിച്ചു. കാറോടിച്ചത് ശ്രീറാമാണെന്ന് കാറിലുണ്ടായിരുന്ന വഫ മജിസ്ട്രേട്ട് മുന്പാകെ മൊഴി നൽകിയിട്ടുണ്ടെന്നും കേസിന്‍റെ ഗൗരവം കണക്കിലെടുക്കാതെയാണ് മജിസ്ട്രേറ്റ് തീരുമാനം എടുത്തതെന്നും സർക്കാർ വ്യക്തമാക്കി.<br> <br> അപകടം നടന്നതു മുതൽക്ക് ശ്രീറാമിനെ രക്ഷിക്കാൻ നിരവധി അട്ടിമറികൾ നടന്നിരുന്നു. പരിശോധനയ്ക്കായി രക്തമെടുത്തത് വൈകിയാണെന്നും മദ്യം മണക്കുന്നുവെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ കുറിച്ചതുമുൾപ്പെടെയുള്ള കാര്യങ്ങൾ കോടതിയിൽ അവതരിപ്പിക്കാൻ പ്രോസിക്യൂഷനായില്ല. അപകടത്തിനു ശേഷം ജനറൽ ആശുപത്രിയിൽ എത്തിച്ച ശ്രീറാമിന്‍റെ രക്തപരിശോധന നടത്തുന്നതിന് പോലീസ് ആവശ്യപ്പെട്ടില്ല. എന്നാൽ ശ്രീറാമിനെ പരിശോധിച്ച ഡോക്ടറാകട്ടെ മദ്യം മണിക്കുന്നുവെന്ന കുറിപ്പെഴുതുകയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. സ്വകാര്യ ആശുപത്രിയിലേക്കാണു ശ്രീറാം പോയത്. അപകടം നടന്ന് ആറു മണിക്കൂറിന് ശേഷമാണ് പോലീസ് എഫ്ഐആർ തയാറാക്കിയത്. സംഭവ സ്ഥലത്ത് പോലീസ് എത്തിയിരുന്നെങ്കിലും മരിച്ച കെ.എം. ബഷീറിന്‍റെ സുഹൃത്ത് സെയ്ഫുദ്ദീൻ ഹാജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എഫ്ഐആറിൽ വാഹനം ഓടിച്ചിരുന്നവരെക്കുറിച്ചു പോലും രേഖപ്പെടുത്തിയിരുന്നില്ല. ആദ്യം 304 എ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. പിന്നീട് 304 വകുപ്പ് ആക്കി. ഒപ്പം മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തി.

You might also like

Most Viewed