നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല: എ​സ്.ഐ സാ​ബു​വി​ന് ക​ർ‍​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ ജാ​മ്യം


കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിലെ ഒന്നാം പ്രതിയായ എസ്.ഐ കെ.എ സാബുവിന് കർ‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എല്ലാ തിങ്കളാഴ്ചയും ക്രൈംബ്രാഞ്ച് എസ്.പിക്കു മുന്നിൽ ഹാജരാവണം, ഇടുക്കി ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണു ജാമ്യം. തൊടുപുഴ ജില്ലാ സെഷൻസ് കോടതി നേരത്തെ സാബുവിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കസ്റ്റഡി മരണക്കേസിലെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോൾ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ ഉൾപ്പെടെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി അപേക്ഷ തള്ളിയത്.

ഹരിത ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ ക്രൂരമർദ്ദനത്തിന് വിധേയനാക്കി കൊലപ്പെടുത്തുകയായിരുന്നു. ജൂൺ‍ 12−നു കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ നാലു ദിവസം അന്യായമായി തടങ്കലിൽവച്ചാണു പീഡനത്തിനു വിധേയനാക്കിയത്.  സംഭവത്തിൽ എസ്.ഐ സാബുവിനെയും സിവിൽ പോലീസ് ഓഫിസറും ഡ്രൈവറുമായ സജിമോൻ ആന്‍റണിയെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് അറിയിച്ചു. ഇരുവരും സസ്പെൻഷനിലാണ്. എസ്.പിയുടെയും ഡിവൈ.എസ്.പിയുടെയും നിർദ്ദേശപ്രകാരമാണ് എല്ലാം ചെയ്തതെന്നാണു എസ്.ഐ സാബു പറയുന്നത്.

You might also like

Most Viewed