കവളപ്പാറയിലെ പ്രിയദര്‍ശന്റെ മൃതദേഹം ബൈക്കിൽ ഇരിക്കുന്ന നിലയിൽ


നിലമ്പൂർ: മലപ്പുറം ജില്ലയിലെ ഒരു പ്രദേശത്തെ ഒന്നാകെ തൂത്തെറിഞ്ഞ കവളപ്പാറയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വ്യാപ്തി അപ്രതീക്ഷിതവും ഭീതിതവുമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ദുരന്തഭൂമിയിൽ നിന്നുള്ള സംഭവങ്ങൾ. ഉരുൾപൊട്ടൽ തൂത്തെറിഞ്ഞ മേഖലയിലെ താമസക്കാരനായിരുന്ന താന്നിക്കൽ പ്രിയദർശന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെടുത്തത് സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ട് ധരിച്ച് ബൈക്കിൽ ഇരിക്കുന്ന നിലയിലായിരുന്നു. ഇരുന്ന ബൈക്കിൽ നിന്ന് മറിഞ്ഞു വീഴുക പോലും ചെയ്യുംമുൻപ് ഭീമാകാരമായി തന്റെ മേൽപതിച്ച മണ്ണിൽ പ്രിയദർശൻ പുതഞ്ഞുപോയിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഉരുൾപൊട്ടൽ ഉണ്ടായ ദിവസം വൈകുന്നേരം 7.45ഓടെ ബൈക്കിൽ വീട്ടിലെത്തിയതായിരുന്നു പ്രിയദർശൻ. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിലുള്ള സ്ഥലത്ത് ബൈക്ക് നിർത്തിയിടുന്നതിനിടയിലാണ് ഉരുൾപൊട്ടലുണ്ടായത്. ബൈക്കിൽനിന്ന് ഇറങ്ങുന്നതിനു മുൻപ് മണ്ണ് പ്രിയദർശനെയും വീടിനെയും മൂടിയിരുന്നു.
തൊട്ടടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയദർശൻ അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് വീട്ടിലേയ്ക്ക് പോയതെന്ന് സുഹൃത്ത് പറഞ്ഞു. മുറ്റത്തെത്തിയപ്പോൾതന്നെ ഉരുൾപൊട്ടൽ ഉണ്ടായതായും അദ്ദേഹം പറയുന്നു.

You might also like

Most Viewed