മഴ വീണ്ടും കനത്തു: കവളപ്പാറയിൽ തിരച്ചിൽ നിർ‍ത്തി


മലപ്പുറം/കവളപ്പാറ: കനത്ത മഴയെത്തുടർന്ന  ഉരുൾപ്പൊട്ടൽ ദുരന്തം വിതച്ച കവളപ്പാറയിലെ രക്ഷാപ്രവർ‍ത്തനം നിർത്തിവെച്ചു. മണ്ണിനകത്ത് അകപ്പെട്ടുപോയവർ‍ക്കുവേണ്ടിയുള്ള തിരച്ചിൽ തൽക്കാലം നിർ‍ത്തിവക്കാതെ തരമില്ലെന്നാണ് രക്ഷാപ്രവർ‍ത്തകർ‍ പറയുന്നത്. കനത്ത മഴയിൽ ഏതു നിമിഷവും മണ്ണ് ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് കവളപ്പാറയിലെ ഉരുൾപ്പൊട്ടൽ പ്രദേശം ഇപ്പോഴുള്ളത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിൽ നിർ‍ത്തി രക്ഷാപ്രവർ‍ത്തകരെ എല്ലാം പ്രദേശത്തുനിന്ന് ഒഴിപ്പിച്ചിരിക്കുകയാണ്. 

മഴയെ അവഗണിച്ചും എട്ടുമണിക്ക് തിരച്ചിൽ തുടങ്ങി ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. അതിനുശേഷവും നിർ‍ത്താതെ മഴപെയ്യുന്ന സാഹചര്യത്തിലാണ് രക്ഷാപ്രവർ‍ത്തനം തൽക്കാലത്തേക്ക് അവസാനിപ്പിച്ചത്. മുപ്പത്തഞ്ച് പേരെ ഇനിയും പ്രദേശത്തുനിന്ന് കണ്ടെത്താനുണ്ട്. മണ്ണിനകത്തായവരെ കണ്ടെത്താൻ സോണാർ‍ മാപ്പിംഗ് അടക്കം സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും അതൊന്നും കവളപ്പാറയിലെ പ്രത്യേക പരിതസ്ഥിതിയിൽ പ്രായോഗികമല്ലെന്ന് കണ്ടെത്തി ഉപേക്ഷിക്കുകയായിരുന്നു. സ്വകാര്യ ഏജൻസികളെ സമീപിക്കാനും പദ്ധതിയുണ്ട്.

You might also like

Most Viewed