കവളപ്പാറ ദുരന്തം: പോസ്റ്റുമോർട്ടത്തിന് നിസ്‌കാര ഹാൾ തുറന്നുകൊടുത്ത് പള്ളിക്കമ്മിറ്റി


പോത്തുകല്ല്: നിസ്കാരപ്പായയും ഖുറാനും അരികിലേക്ക് മാറ്റിവച്ച് കവളപ്പാറ ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർ‍ട്ടം ചെയ്യാൻ സൗകര്യമൊരുക്കി പോത്തുകല്ല്‌ മഹല്ല് കമ്മിറ്റി. ഉരുൾപ്പൊട്ടലുണ്ടായ കവളപ്പാറയിൽ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങൾ അവിടെയെത്തി പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ജില്ലാ ഭരണകൂടമാണ് നിർദ്ദേശിച്ചത്. കവളപ്പാറയിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മൃതദേഹങ്ങൾ എത്തിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്തായിരുന്നു തീരുമാനം. 

എന്നാൽ കനത്തമഴയിലും പ്രളയക്കെടുതിയിലും താറുമാറായി കിടന്നിരുന്ന കവളപ്പാറയിൽ പോസ്റ്റ്മോർട്ടം ചെയ്യാനായി ഇടം കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോഴാണ് നിസ്കരിക്കാൻ ഉപയോഗിക്കുന്ന ഹാളും അതിനോട് ചേർന്ന കൈകാലുകൾ കഴുകാനുള്ള ഇടവും ഇതിനായി വിട്ടുനൽകിയത്. അപകടങ്ങൾ നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടതോടെ അഴുകിത്തുടങ്ങിയ നിലയിലാണ് മിക്ക മൃതദേഹങ്ങളും പോസ്റ്റ് മോർ‍ട്ടം ടേബിളിലെത്തുന്നതെന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സഞ്ജയ് പറഞ്ഞു. 

പോസ്റ്റുമോർട്ടം നടത്താൻ ഇടം തേടി അലഞ്ഞ ഉദ്യോഗസ്ഥർക്ക് പോത്തുകല്ല് മഹല്ല് കമ്മിറ്റിക്ക് കീഴിലുള്ള മുജാഹിദ് പള്ളിയിലുള്ളവർ ചെയ്തത് വലിയ കാര്യമാണ്. പവിത്രമായി കാണുന്ന ഒരിടത്ത് വച്ച് പോസ്റ്റ്മോർട്ടം ചെയ്യേണ്ടി വരുന്നതിൽ അതിയായ വിഷമമുണ്ട്. പക്ഷേ പള്ളിയിലുള്ളവർ മദ്രസയിൽ നിന്നുള്ള ബെഞ്ചും ഡെസ്കുകളും മയ്യത്ത് കഴുകാൻ ഉപയോഗിക്കുന്ന ടേബിളുമെല്ലാം നൽകി വലിയ സഹകരണമാണ് നൽകിയതെന്ന് ഡോ. സഞ്ജയ് പറയുന്നു. കഴിഞ്ഞ ദിവസം പോസ്റ്റ്മോർട്ടത്തിനെത്തിയ മൃതദേഹം സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞത് അടിവസ്ത്രങ്ങൾ കണ്ടതുകൊണ്ടാണ്, അത്രയും അഴുകിയ അവസ്ഥയിലാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നതെന്നും ഡോ. സഞ്ജയ് പറഞ്ഞു. 

അഞ്ച് പോസ്റ്റുമോർട്ടം ടേബിളുകളാണ് മദ്രസയുടെ ഡെസ്‌കുകൾ ചേർത്തുവച്ച് തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്റുമോർട്ടം മുറിയിൽ വച്ച് നടത്തുന്നത് പോലെയല്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ ഏറ്റവും പര്യാപ്തമായ സ്ഥലം തന്നെയാണ് പള്ളിയിൽ ലഭ്യമായതെന്ന് ഡോ. സഞ്ജയ് വ്യക്തമാക്കി. ഇതുവരെയും ഏഴ് മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റുമോർ‍ട്ടം ചെയ്തിരിക്കുന്നത്.  

You might also like

Most Viewed