നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് സി.ബി.ഐ അന്വേഷിക്കും


തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഇന്നു ചേർന്ന് മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിലെ ജൂഡീഷൽ കമ്മീഷൻ അന്വേഷണം നടക്കുന്നതിനു പുറമേയാണ് സി.ബി.ഐക്കും വിടാൻ സർക്കാർ തീരുമാനിച്ചത്. നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ സർക്കാരിനുതന്നെ ഏറെ വിമർശനം കേൾക്കേണ്ടിവന്ന സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് അനുമതി നൽകിയത്. കഴിഞ്ഞ ദിവസം കസ്റ്റഡി കൊലപാതകത്തിൽ അന്വേഷണം പരിതാപകരമാണെന്ന് ഹൈക്കോടതി വിമർശനം നടത്തിയിരുന്നു. 

കേസിലെ ഒന്നാം പ്രതിയും മുൻ എസ്.ഐയുമായ സാബു സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പോലീസ് അന്വേഷണത്തെ വിമർശിച്ചത്. സാന്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ പാർ‍പ്പിച്ച ജയിൽ, ലോക്കപ്പ് എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ എന്തുകൊണ്ട് പരിശോധിച്ചില്ല എന്നും കോടതി ചോദിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്‍റെ ബന്ധുക്കളും നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

You might also like

Most Viewed