കവളപ്പാറയിൽ കണ്ടെത്താനുള്ള 19 പേർക്കായി ജിപിആർ ഉപയോഗിച്ച് തെരച്ചിൽ


മലപ്പുറം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കവളപ്പാറയിൽ ഇനി കണ്ടെത്താനുള്ളത് 19 പേരെ. കാണാതായ 59 പേരിൽ 40 പേരുടെ മൃതദേഹം ശനിയാഴ്ചയോടെ കണ്ടെടുത്തു. ജി.പി.ആർ (ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ) ഉപയോഗിച്ചാണ് ഇന്ന് വീണ്ടും തെരച്ചിൽ തുടങ്ങി. തെരച്ചിൽ നടത്തുന്നതിനായി ഹൈദരാബാദ് നാഷണൽ ജിയോഫിസിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധ സംഘം എത്തി. 

രണ്ടു ശാസ്ത്രജ്ഞൻമാരും ഒരു ടെക്നിക്കൽ അസിസ്റ്റന്‍റും മൂന്നു ഗവേഷകരും ഉൾപ്പെട്ടതാണ് സംഘം. പ്രിൻസിപ്പൽ ശാസ്ത്രജ്ഞനായ ആനന്ദ് കെ.പാണ്ഡെ, രത്നാകർ ദാക്തെ, ടെക്നിക്കൽ അസിസ്റ്റന്‍റ് ദിനേശ് കെ. സഹദേവൻ, സീനിയർ റിസർച്ച് ഫെലോ ജോണ്ടി ഗോഗോയ്, ജൂനിയർ റിസർച്ച് ഫെലോകളായ സതീഷ് വർമ, സഞ്ജീവ് കുമാർ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്. 

രണ്ട് സെറ്റ് ജിപിആർ (ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ) ഉപകരണം സംഘത്തിന്‍റെ കൈയിലുണ്ട്. ഭൂമിക്കടിയിൽ 20 മീറ്റർ താഴ്ചയിൽനിന്നു വരെയുള്ള സിഗ്നലുകൾ പിടിച്ചെടുക്കാൻ ഉപകരണത്തിന് സാധിക്കും. 

ഭൂമിക്കടിയിലെ ഭാഗങ്ങൾ ചിത്രീകരിക്കാൻ റഡാർ പൾസുകൾ ഉപയോഗിക്കുന്ന ജിയോഫിസിക്കൽ രീതിയാണ് ജിപിആർ. റേഡിയോ സ്പെക്ട്രത്തിന്‍റെ മൈക്രോവേവ് ബാൻഡിലെ (യുഎച്ച്എഫ് / വിഎച്ച്എഫ് ഫ്രീക്വൻസികൾ) വൈദ്യുതകാന്തിക വികിരണം ഈ നോണ്‍ഡസ്ട്രക്റ്റീവ് രീതി ഉപയോഗിക്കുന്നു, കൂടാതെ ഉപരിതല ഘടനകളിൽ നിന്ന് പ്രതിഫലിച്ച സിഗ്നലുകൾ കണ്ടെത്തുന്നു. പാറ, മണ്ണ്, ഐസ്, ശുദ്ധജലം, നടപ്പാതകൾ എന്നിവ ഉൾപ്പെടെ വിവിധ തലങ്ങളിൽ ജിപിആർ ഉപയോഗിക്കാൻ കഴിയും. കണ്‍ട്രോൾ യൂണിറ്റ്, സ്കാനിംഗ് ആന്‍റിന എന്നിവയടക്കം 130 കിലോയാണ് ഉപകരണത്തിന്‍റെ ഭാരം.

You might also like

Most Viewed