നാടുകാണി ചുരത്തിൽ നാല് മാസത്തേക്ക് ഗതാഗതമില്ല; സമാന്തര പാത നിർമ്മിക്കാൻ ആലോചന


മലപ്പുറം: നാടുകാണി ചുരത്തിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാൻ നാലു മാസമെങ്കിലും കാലതാമസമുണ്ടാകുമെന്നു സർക്കാർ വിലയിരുത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ സമാന്തരപാത നിർമ്മിക്കാൻ ആലോചന തുടങ്ങി. വനം വകുപ്പിന്‍റെ സഹകരണത്തോടെ താത്കാലിക പാത നിർമിക്കാനാണ് ആലോചന. 

നിലന്പൂരിൽ നിന്ന് ഉൗട്ടി, ബംഗളുരു ഭാഗത്തേക്കുള്ള പാതയിലാണു നാടുകാണി ചുരം. കനത്ത മഴയിൽ റോഡ് ഇടിഞ്ഞതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചിട്ട് പത്തിലേറെ ദിവസമായി. വൻ പാറകളാണു റോഡിൽ വീണു കിടക്കുന്നത്. വനം, ജിയോളജി വകുപ്പുകളുടെ പിന്തുണയില്ലാത്തതും റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് തടസമാണ്.  കനത്ത മഴക്കിടെ ചുരത്തിലെ എട്ടു കിലോമീറ്റർ ഭാഗത്താണ് വ്യാപകമായി മലയിടിച്ചിലുണ്ടായത്.  

കെഎസ്ആർടിസി ബസടക്കം മണ്ണിടിച്ചിൽ സമയത്ത് ചുരത്തിൽ കുടുങ്ങി. ദിവസങ്ങൾക്കു ശേഷം തമിഴ്നാട് വഴിയാണ് ഇവ പുറത്തെത്തിക്കാനായത്. മരങ്ങളും മണ്ണും നീക്കം ചെയ്യാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പക്ഷെ പാതയിൽ വന്നടിഞ്ഞ കൂറ്റൻ പാറക്കല്ലുകൾ സ്ഫോടനം നടത്തി വേണം മാറ്റാൻ. കല്ല് പൊട്ടിച്ചു മാറ്റുന്നതിന് അടക്കം വനം, ജിയോളജി വകുപ്പുകളുടെ അനുമതി ആവശ്യമുണ്ട്. മണ്ണിടിച്ചിലിൽ രണ്ടിടത്തു റോഡ് 50 അടിയോളം താഴ്ചയിൽ ഇടിഞ്ഞു താഴ്ന്നു. രണ്ടിടത്തും പുതിയ പാലങ്ങൾ നിർമിക്കേണ്ടതുണ്ട്.

You might also like

Most Viewed