പോലീസ് ലാത്തിച്ചാര്‍ജ് വിവാദം; സി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍


കൊച്ചി: എറണാകുളം റേഞ്ച് ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചില്‍ പോലീസ് ലാത്തിച്ചാര്‍ജ് ഉണ്ടായ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സി.പി.ഐ ലോക്കല്‍ കമ്മിറ്റിയംഗം അന്‍സാര്‍ അലിയെയാണ് അറസ്റ്റ് ചെയ്തത്.  ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അന്‍സാര്‍ അലിയ്ക്കെതിരെ കേസെടുത്തത്. ഇയാളെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും. കേസന്വേഷിക്കുന്ന ക്രൈം ഡിറ്റാച്ച് മെന്റാണ് അറസ്റ്റു ചെയ്തത്. ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് എസ്. വിപിന്‍ ദാസിനെ കഴിഞ്ഞ ദിവസം സസ്പെന്‍റ് ചെയ്തിരുന്നു. 
ഞാറയ്ക്കല്‍ സി.ഐ.ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സി.പി.ഐ ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത് വലിയ വിവാദമായിരുന്നു. എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പടെയുള്ള സി.പി.ഐ നേതാക്കള്‍ക്ക് ലാത്തിച്ചാര്‍ജില്‍ മര്‍ദ്ദനമേറ്റിരുന്നു. പോലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. കല്ലും കട്ടയും കുറുവടിയുമായി എത്തിയ സി.പി.ഐ നേതാക്കൾ കരുതിക്കൂട്ടി അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് എഫ്ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു, എൽദോ എബ്രഹാം എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗം സുഗതൻ എന്നിവരടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുളളത്. അനുമതിയില്ലാതെ നടത്തിയ മാർച്ചിൽ കണ്ടാലറിയാവുന്ന 800 പേർകൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപ്പിച്ചു എന്നതാണ് ജാമ്യമില്ലാ വകുപ്പായി ചുമത്തിയിരിക്കുന്നത്. പൊതുമുതലിന് നാശ നഷ്ടമുണ്ടാക്കിയതിനും കേസുണ്ട്. 

You might also like

Most Viewed