കെ.എം ബഷീറിന്റെ അപകട മരണം; പൊലീസിനെതിരെ ഡോക്ടർമാരുടെ സംഘടന


 

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍റെ കാറിടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ട കേസിൽ പൊലീസിനെതിരെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. ശ്രീറാമിന്‍റെ രക്തം പരിശോധിക്കാൻ ഡോക്ടർമാർ തയ്യാറായില്ലെന്ന വാദം തെറ്റാണെന്ന് കെ.ജി.എം.ഒ.എ പറയുന്നു. പൊലീസിന്‍റെ വീഴ്ച ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ മേൽ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ഡോക്ടർമാർ ആരോപിച്ചു. റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രിക്കും, സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുമെന്ന് കെ.ജി.എം.ഒ അറിയിച്ചു. പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്തമെടുക്കാൻ തയ്യാറായില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ ഷീൻ തറയിൽ കോടതിയിൽ നൽകിയ റിപ്പോർട്ട്. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവ‍ർത്തകൻ കെ.എം ബഷീ‍ർ മരണപ്പെട്ടകേസിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിറാജ് പത്രത്തിന്‍റെ മാനേജർ സെയ്ഫുദ്ദീൻ ഹാജി നൽകിയ ഹർജി തളളണമെന്നാവശ്യപ്പെട്ടാണ് ഈ റിപ്പോർട്ട് നൽകിയത്. ബഷീർ മരിച്ചശേഷം സിറാജ് പത്രത്തിന്‍റെ മാനേജറുടെ മൊഴി വൈകിയതാണ് രക്തപരിശോധന വൈകുവാൻ കാരണമായതെന്ന പുതിയ ന്യായീകരണവും പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. പലതവണ ജനറൽ ആശുപത്രിയിലെ ഡോക്ടറോട് രക്തം എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാൽ ഡോക്ടർ ഇതിന് തയ്യാറായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നുത്. കേസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ മ്യൂസിയം പൊലീസിന് വളരെ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ഇതേ തുടർന്ന് മ്യൂസിയം എസ്.ഐ ജയപ്രകാശിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. രക്ത പരിശോധന നടത്തുന്നതിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലും കാലതാമസമുണ്ടായെന്നും സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതിൽ വീഴ്ചയുണ്ടായെന്നുമായിരന്നു വിമ‍ർശനം.

You might also like

Most Viewed