സിസ്റ്റര്‍ ലൂസി താമസിക്കുന്ന മഠത്തിന്റെ ഗേറ്റ് പൂട്ടിയിട്ടു; പോലീസെത്തി ഗേറ്റ് തുറന്നു


കല്പറ്റ: സന്ന്യാസ സഭയിൽ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റർ ലൂസി കളപ്പുര താമസിക്കുന്ന കാരക്കാമല മഠത്തിന്റെ ഗേറ്റ് അജ്ഞാതർ പൂട്ടിയിട്ടതായി പരാതി. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കുർബാനയ്ക്ക് പോകുന്നത് തടയാനാണ് മഠത്തിന്റെ ഗേറ്റ് പൂട്ടിയിട്ടതാണെന്നാണ് സിസ്റ്റർ ലൂസിയുടെ ആരോപണം. പിന്നീട് പോലീസെത്തിയാണ് ഗേറ്റ് തുറന്നത്.
രാവിലെ ആറരയോടെ കുർബാനയ്ക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് ഗേറ്റ് പൂട്ടിയിട്ടതായി സിസ്റ്റർ ലൂസിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞു. ഇതനുസരിച്ചാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായി സിസ്റ്റർ ലൂസി പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് എഫ്.സി.സി സന്ന്യാസ സഭയിൽ നിന്ന് സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയിരുന്നു. മുന്നറിയിപ്പുകൾ നൽകിയിട്ടും എഫ്.സി.സി സന്ന്യാസ സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പത്തുദിവസത്തിനകം നിലവിൽ താമസിക്കുന്ന മഠത്തിൽ നിന്ന് പുറത്തുപോകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നോട്ടീസിൽ പറഞ്ഞ സമയകാലാവധി ആയിട്ടില്ലെന്നാണ് സിസ്റ്ററുടെ വാദം.

You might also like

Most Viewed