ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു


തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്. മോട്ടോർ വാഹനനിയമ പ്രകാരം നോട്ടീസ് നൽകി 15 ദിവസം പിന്നിട്ടിട്ടും മറുപടി നൽകാത്ത സാഹചര്യത്തിലാണ് നടപടി. മുപ്പത് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനുള്ള നിയമപ്രകാരമുള്ള അനുമതി തിരുവനന്തപുരം ആര്‍ടിഒ നല്‍കിയിട്ടുണ്ട്. 

മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്സിന്‍റെ ലൈസൻസ് അപകടം നടന്ന് 17 ദിവസത്തിന് ശേഷമാണ് സസ്പെൻഡ് ചെയ്യുന്നത്. എന്നാൽ വഫ ഫിറോസിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടി വൈകും. 
അപകടം നടന്ന് ഉടൻതന്നെ ശ്രീറാമിന്‍റെയും ഒപ്പം സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്‍റെയും ലൈസൻസുകൾ റദ്ദാക്കുമെന്ന് തിരുവനന്തപുരം ആർടിഒ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ഇതുണ്ടായില്ല. ശ്രീറാമിന്‍റെ സുഹൃത്ത് ആർടിഒ നൽകിയ നോട്ടീസ് കൈപ്പറ്റിയെന്നും മറുപടി നൽകാൻ രണ്ടാഴ്ച സമയം നൽകിയതാണ് നടപടിയെടുക്കാൻ വൈകിയതെന്നുമാണ് ഗതാഗത വകുപ്പ് നൽകുന്ന വിശദീകരണം. മാധ്യമങ്ങളിൽ നടപടി വൈകിപ്പിക്കാൻ ഒത്തു കളി നടക്കുന്നെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ വീഴ്ച ഗതാഗതസെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കുകയും ചെയ്തു നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിൽ വഫയ്ക്ക് വീണ്ടും നോട്ടീസ് അയച്ചിരുന്നു. തുടര്‍ച്ചയായ നിയമലംഘനങ്ങളുടെ പേരില്‍ ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്നോടിയായാണ് നോട്ടീസ് അയച്ചത്‌. അമിതവേഗത്തിന് നൽകിയ നോട്ടീസിന് വഫ പിഴ അടച്ചത് കുറ്റകൃത്യം അംഗീകരിച്ചതിന് തെളിവാണെന്ന് മോട്ടോർവാഹനവകുപ്പ് പറഞ്ഞിരുന്നു. 

You might also like

Most Viewed