ജീവനക്കാർക്ക് ഇത്തവണ സാലറി ചലഞ്ച് ഇല്ല: ഓണാഘോഷം ഒഴിവാക്കില്ലെന്ന് സര്‍ക്കാര്‍


തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഇത്തവണ സാലറി ചലഞ്ച് ഇല്ല. ബോണസ് കഴിഞ്ഞതവണത്തേതു പോലെ നൽകാനും തീരുമാനമായി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷം പ്രളയത്തെ തുടർന്ന് സാലറി ചലഞ്ച് ഏർപ്പെടുത്തിയത് ഏറെ വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു. അതിനാൽ‌ ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ തീരുമാനമായെങ്കിലും ഉത്സവബത്തയുടെ കാര്യത്തിൽ തീരുമാനമായില്ല. സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തുന്ന ഓണാഘോഷ പരിപാടികൾ ഇത്തവണ നടത്താൻ തന്നെയാണ് തീരുമാനം. ആര്‍ഭാടങ്ങൾ ഒഴിവാക്കിയായിരിക്കും ആഘോഷം സംഘടിപ്പിക്കുക. പ്രളയബാധിതർക്കുള്ള അടിയന്തര സഹായമായ 10,000 രൂപ സെപ്റ്റംബർ ഏഴിനകം കൊടുത്ത് തീർക്കാനും തീരുമാനമെടുത്തു. ഓരോ ജില്ലയിലേയും ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ അർഹത‍യുള്ളവരെ കണ്ടെത്തും. ദുരിതാശ്വാസ ക്യാമ്പിൽ കഴിയാത്ത അർഹതയുള്ള ആളുകൾക്കും 10,000 രൂപ ലഭിക്കും.

You might also like

Most Viewed