പ്രതികരിക്കാനുള്ള അവകാശം ആഷിഖ് അബുവിന് മാത്രമല്ല, ധര്‍മ്മജനടക്കം ഏതൊരാള്‍ക്കുമുണ്ടെന്ന് ഷാഫി പറമ്പില്‍


കോഴിക്കോട്: പ്രളയദുരിതാശ്വാസം വൈകിപ്പിക്കുന്ന സർക്കാർ സംവിധാനത്തിനെതിരെ പ്രതികരിച്ച നടൻ ധർമ്മജൻ ബോൾഗാട്ടിക്ക് പിന്തുണയുമായി ഷാഫി പറമ്പിൽ എം.എൽ.എ. കെ.എസ്.ഇ.ബി. സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക സർക്കാരിലേക്ക് കൈമാറാതിരുന്ന ഈ നാട്ടിൽ പിന്നെന്താണ് ചോദിക്കേണ്ടതെന്നും ഈ പ്രളയക്കാലത്ത് ഓരോ പൗരന്റെയും മനസിൽ തോന്നിയ ചോദ്യം തന്നെയാണ് ധർമ്മജൻ ചോദിച്ചതെന്നും ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

ധർമ്മജൻ ബോൾഗാട്ടിയെന്ന കലാകാരന്റെ ഈ ചോദ്യങ്ങളെ എന്തുകൊണ്ടാണ് സി.പി.ഐ.എം. ഇത്ര അസഹിഷ്ണുതയോടെ നേരിടുന്നത്. കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായി ഫാസിസ്റ്റ് വിരുദ്ധസദസ്സ് നടത്തുന്ന നിങ്ങൾ, നിങ്ങൾക്കെതിരായ വിമർശനങ്ങൾ വരുമ്പോൾ ഏറ്റവും ഹീനമായി അതിനെ നേരിടുന്നതെന്ത് പ്രഹസനമാണ്. പ്രതികരിക്കുവാനുള്ള അവകാശം ആഷിക്ക് അബുവിനു മാത്രമല്ല ഉള്ളത്, ഇന്നാട്ടിലെ ധർമ്മജനടക്കം ഏതൊരാൾക്കുമുണ്ട്- ഷാഫി പറമ്പിൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. നാളെ ധർമ്മജൻ കോൺഗ്രസിനെതിരെ പറഞ്ഞാലും അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും മുഖമുയർത്തി ധർമ്മജൻ പറഞ്ഞ അഭിപ്രായത്തിനൊപ്പമാണ് താനെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

You might also like

Most Viewed