മാനസിക പീഡനം: കോലഞ്ചേരിയിൽ എ.എസ്.ഐ തൂങ്ങിമരിച്ചു


കോലഞ്ചേരി: തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുട്ടമശേരി സ്വദേശി പി.സി ബാബുവാണ് (45) മരിച്ചത്. ഇന്ന് പുലർച്ചെയാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടത്. തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്.ഐയുടെ നിരന്തരമായ മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കളും സഹപ്രവർത്തകരും ആരോപിച്ചു.

കുട്ടമശേരി പുഴയരികിലെ ബാബുവിന്റെ വീട്ടിൽ പ്രളയത്തിൽ വെള്ളം കയറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടുപകരണങ്ങൾ മാറ്റുന്നതിനും തിരിച്ചു വയ്ക്കുന്നതിനുമൊക്കെയായി കഴിഞ്ഞ രണ്ടാഴ്ചയായി അവധിയിലായിരുന്നു ബാബു. എന്നാൽ അവധി എടുത്തത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് കാണിച്ച് എസ്.ഐ, ബാബുവിനെ നിരന്തരം ഭീഷണിപ്പെടുത്തുകയും ലീവ് കാൻസെൽ ചെയ്യണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ വീട്ടിലെ ചെളി ഉൾപ്പടെ കഴുകി വൃത്തിയാക്കിയ ശേഷം തിരിച്ചെത്തുമെന്ന് ബാബു പറഞ്ഞെങ്കിലും എസ്.ഐ വഴങ്ങിയില്ലത്രേ. ഇന്നലെ ബാബുവിനെതിരെ ഡിവൈ.എസ്.പിക്ക് സ്പെഷ്യൽ റിപ്പോർട്ട് നൽകി നടപട‌ി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിലുള്ള മനോവിഷമമാണ് ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത്. 

കഴിഞ്ഞ 26 വർഷമായി സേനയിൽ ഒരു കൃത്യവിലോപത്തിനും ഇടയാക്കാതെ സ്തുത്യർഹമായി സേവനം ചെയ്തിരിരുന്നയാളാണ് ബാബു. എന്നാൽ നിസാര കാര്യങ്ങൾ പറഞ്ഞ് എസ്.ഐ ബാബുവിനെ മാനസികമായി തകർത്തതാണ് ജീവിതം അവസനിപ്പിക്കാൻ ഇടയാക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു. രാവിലെ 7ന് സ്റ്റേഷനിലെത്തി രാത്രി 9 വരെ ജോലി നോക്കി പൊലീസുകാർക്കെല്ലാം മാതൃകയായ ജീവതമായിരുന്നു ബാബുവിന്റേത്. കേസുകൾ എഴുതുന്നതിലും അന്വേഷണ മികവിലും കമ്പ്യൂട്ടർ പരിജ്ഞാനത്തിലും എന്നും ഒരു മാതൃകയായിരുന്നു ബാബുവെന്ന് ഇദ്ദേഹത്തിന്റെ സഹപ്രവർത്തരും പറയുന്നു.

You might also like

Most Viewed