വിശ്വാസികളുടെ വികാരം മാനിക്കണം; യുവതീ പ്രവേശനത്തിന് മുൻകൈ എടുക്കേണ്ട: സി.പി.എം


തിരുവനന്തപുരം: ശബരിമലയിൽ നിലപാട് മയപ്പെടുത്താനൊരുങ്ങി സി.പി.എം. യുവതീപ്രവേശനത്തിൽ തൽക്കാലം ആവേശം വേണ്ടെന്നാണ് സി.പി.എം സംസ്ഥാനസമിതിയിലെ ച‍ർച്ചയിലുയർന്ന നിർദ്ദേശം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സി.പി.എമ്മിലെ പുതിയ നീക്കം. 

വിശ്വാസികളുടെ വികാരം മാനിക്കണമെന്ന നി‍ർദ്ദേശം സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള പ്രാദേശിക ഘടകങ്ങളിലെത്തിക്കും. ആളുകൾക്കിടയിലിറങ്ങി പ്രവർത്തിക്കണം. വിശ്വാസികളെയും പാർട്ടിയ്ക്ക് ഒപ്പം നിർത്തണം. അതിനായി പ്രാദേശിക ക്ഷേത്ര കമ്മിറ്റികളിൽ പ്രവർത്തകർ സജീവമാകണമെന്നും സി.പി.എമ്മിൽ നിർദ്ദേശമുയർന്നു. നിലവിൽ കണ്ണൂരിലടക്കമുള്ളത് പോലെ, പ്രാദേശിക തലത്തിൽ വിശ്വാസികളുമായി കൂടുതൽ അടുക്കാൻ ക്ഷേത്രസമിതികളിൽ പ്രവർത്തകർ അംഗങ്ങളാകുന്നത് നല്ലതാണെന്നും നിർദ്ദേശമുണ്ട്. 

വിവാദ നിലപാടുകളിൽ പാർട്ടിയ്ക്ക് എതിരായി നിലപാട് പരസ്യമായി എടുക്കരുതെന്നും യോഗത്തിൽ നിർദേശമുയർന്നു. പാർട്ടിയുമായി പ്രവർത്തകർ അകലുകയാണെന്ന തരത്തിലുള്ള ഒരു പ്രതീതി സൃഷ്ടിക്കാൻ ഇതിന് കഴിയും. അതനുവദിക്കരുതെന്നും സി.പി.എം സംസ്ഥാനസമിതിയിൽ നിർദ്ദേശമുയർന്നു. എന്നാൽ ശബരിമലയുമായി ബന്ധപ്പെട്ട ഈ നിലപാട് മാറ്റവും മയപ്പെടുത്തലും, തെറ്റുതിരുത്തൽ രേഖയിൽ ഉൾപ്പെടുത്തുമോ എന്നതാണ് കണ്ടറിയേണ്ടത്. രണ്ട് ദിവസമായി നടക്കുന്ന സംസ്ഥാനസമിതി യോഗത്തിൽ പാർട്ടിയ്ക്ക് പറ്റിയ പിഴവുകൾ കണ്ടെത്തി പരിഹരിക്കാൻ നിരവധി നിർദ്ദേശങ്ങളുയർന്നു. 

മന്ത്രിമാരുടെ പ്രവർത്തന രീതിയെക്കുറിച്ചും പണപ്പിരിവ് നടത്തുന്നതിനെക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ചയായി. സിപിഎം മന്ത്രിമാർക്കെതിരെ സമിതിയിൽ വിമർശനമുയർന്നു. പ്രവർത്തർക്ക് പലപ്പോഴും സിപിഎം മന്ത്രിമാരെ കാണാൻ കഴിയുന്നില്ല. ചില പ്രവർത്തകരെ കണ്ടാൽ ചില മന്ത്രിമാർ ഒഴിഞ്ഞ് പോകുന്നുവെന്നും സംസ്ഥാന സമിതിയിൽ ആരോപണമുയർന്നു. ജില്ലാ കമ്മിറ്റി ശുപാർശകൾ പലപ്പോഴും തഴയുന്നതായും സമിതി നിരീക്ഷിച്ചു. മന്ത്രിമാർ പ്രവർത്തകരുടെ പ്രശ്നങ്ങൾ  കേൾക്കണമെന്ന് സമിതി തീരുമാനിച്ചിട്ടുണ്ട്.

  

You might also like

Most Viewed