സംസ്ഥാനത്തെ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു


കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുൾപൊട്ടലിലും നാശനഷ്ടമുണ്ടായ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് ദുരിതാശ്വസ കമ്മീഷണർ ഉത്തരവിറക്കി. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ വില്ലേജുകളാണ് പട്ടികയിലുള്ളത്. 

ആഗസ്റ്റ് എട്ട് മുതൽ ഒരാഴ്ച പെയ്ത കനത്ത മഴയിൽ‍ സംസ്ഥാനത്തെ 13 ജില്ലകളിലാണ് നാശനഷ്ടമുണ്ടായത്. ജില്ലാ കളക്ടർമാർ നൽ‍കിയ റിപ്പോർ‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ദുരന്തബാധിത വില്ലേജുകൾ ഏതൊക്കെയെന്ന് പ്രഖ്യാപിച്ചത്. മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവൻ‍ വില്ലേജുകളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചു. തൃശ്ശൂരിൽ 215ഉം, പാലക്കാട് 124ഉം, കോഴിക്കോട് 115ഉം വില്ലേജുകൾ പട്ടികയിലുണ്ട്. 

മഴ കാര്യമായ നാശനഷ്ടമുണ്ടാക്കാത്തതിനാൽ തിരുവനന്തപുരം ജില്ലയിലെ ഒരു വില്ലേജു പോലും ദുരന്തബാധിത പ്രദേശത്തിന്‍റെ പട്ടികയിൽ ഉൾപ്പെട്ടില്ല. ബാങ്കുകളുടെ വായ്പ മൊറട്ടോറിയം പ്രഖ്യാപനത്തിന് പ്രധാന മാനദണ്ധമായി കണക്കാക്കുന്നത് ദുരന്തബാധിതപ്രദേശങ്ങളുടെ ഈ പട്ടികയാണ്. കേന്ദ്ര സഹായത്തിനുള്ള സംസ്ഥാനത്തിന്‍റെ അപേക്ഷ തയ്യാറാക്കുന്നതും ഇതനുസരിച്ചാണ്. 

കഴിഞ്ഞ വർ‍ഷത്തെ പ്രളയത്തിനു ശേശം 1264 വില്ലേജുകളെയാണ് ദുരന്തബാധിത പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. മൂന്നു തവണ ആയിട്ടാണ് കഴിഞ്ഞ വർഷം പട്ടിക തയ്യാറാക്കിയത്. എന്നാൽ ഈ വർഷം ഒറ്റത്തവണയായി തന്നെ പട്ടിക പുറത്തിറക്കുകയായിരുന്നു. അതേസമയം, പ്രളയത്തിൽ അകപ്പെട്ട കുടുംബങ്ങൾക്കുള്ള അടിയന്തര സഹായ വിതരണത്തിനുളള മാനദണ്ധവും നിശ്ചയിച്ച് സർക്കാർ്‍ ഉത്തരവിറക്കി. 

You might also like

Most Viewed