മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ നിയമപരമായ വഴി തേടണം; സാധ്യമായ സഹായം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി


കോഴിക്കോട്: മരടില്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്ന ഫ്‌ളാറ്റുകളുടെ ഉടമകള്‍ നിയമാനുസൃത നടപടികള്‍ തേടണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. സുപ്രീം കോടതിയാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതില്‍ നിയമപരമായ വഴികള്‍ തേടണം. നിയമത്തിനു വിധേയമായി ഫ്‌ളാറ്റ് ഉടമകളെ സഹായിക്കുന്നതിന് സാധിക്കുമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീരദേശ പരിപാലന നിയമിച്ച് കായലോരത്ത് നിര്‍മ്മിച്ചിരിക്കുന്ന നാലു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഈ മാസം 20നകം പൊളിച്ചുനീക്കാനാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറി കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുപ്രകാരം ചീഫ് സെക്രട്ടറിയും നഗരസഭാ ചെയര്‍പെഴ്‌സണും അടക്കമുള്ളവര്‍ ഇന്നലെ ഫ്‌ളാറ്റുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഫ്‌ളാറ്റുടമകളുടെ വലിയ പ്രതിഷേധത്തിനിടെയായിരുന്നു സന്ദര്‍ശനം. ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ക്ക് നഗരസഭ ഇന്ന് നോട്ടീസ് നല്‍കും. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കേണ്ടതിനാല്‍ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നാകും നോട്ടീസില്‍ ആവശ്യപ്പെടുക. നോട്ടീസ് ഉടമകള്‍ കൈപ്പറ്റാതെ വന്നാല്‍ ഫ്‌ളാറ്റുകളില്‍ പതിപ്പിക്കും.

You might also like

Most Viewed