ജോളി രണ്ടു പെണ്‍കുട്ടികളെ കൂടി സയനൈഡ് കലർത്തി കൊല്ലാൻ ശ്രമിച്ചു


കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ അറസ്റ്റിലായ ജോളി ഒന്നര വയസുകാരി ആൽഫൈനു പുറമെ രണ്ടു പെണ്‍കുട്ടികളെ കൂടി കൊല്ലാൻ ശ്രമിച്ചതായി അന്വേഷണ സംഘത്തലവൻ കെ.ജി. സൈമണ്‍.  ഇവർ കൊലപ്പെടുത്തിയ ഭർത്താവ് റോയി തോമസിന്‍റെ വിദേശത്തുള്ള ബന്ധു മാർട്ടിന്‍റെ മകളെയും വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ ഒത്താശ ചെയ്ത തഹസിൽദാർ ജയശ്രീയുടെ മകളെയുമാണ് ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊല്ലാൻ ശ്രമിച്ചത്. ഇതുസംബന്ധിച്ച തെളിവുകൾ ലഭിച്ചതായും എസ്പി അറിയിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ എസ്പി തയ്യാറായില്ല.  

കേസിൽ ഇതുവരെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോളിക്കു പുറമേ, ജ്വല്ലറി ജീവനക്കാരനും റോയിയുടെ മാതൃസഹോദരപുത്രനുമായ മഞ്ചാടിയിൽ എം.എസ്. മാത്യു സ്വർണപ്പണിക്കാരൻ താമരശേരി തച്ചംപൊയിൽ സ്വദേശി മുള്ളന്പലത്തിൽ പ്രജുകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്. 2002 ഓഗസ്റ്റ് 22നാണ് കേസിനാസ്പദമായ ആദ്യ മരണം. റിട്ട.വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസിന്‍റെ ഭാര്യയും റിട്ട.അധ്യാപികയുമായ അന്നമ്മ (57) ആട്ടിൻസൂപ്പ് കഴിച്ചയുടൻ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ആറ് വർഷങ്ങൾക്കു ശേഷം 2008 ഓഗസ്റ്റ് 26ന് ടോം തോമസും(66) മരിച്ചു. മൂന്നു വർഷത്തിനു ശേഷം 2011 സെപ്റ്റംബർ 30ന് മകൻ റോയ് തോമസ്(40)മരിച്ചു. ബാത്ത്റൂമിൽ കയറി ബോധംകെട്ടുവീണു എന്നായിരുന്നു ഭാര്യ ജോളിയുടെ മൊഴി. മൂന്നു വർഷത്തിനുശേഷം 2014 എപ്രിൽ 24ന് അന്നമ്മയുടെ സഹോദരനും വിമുക്തഭടനുമായ മാത്യു മഞ്ചാടിയിൽ (67) മരിച്ചു.
അതേ വർഷം മേയ് മൂന്നിനു ടോം തോമസിന്‍റെ അനുജൻ സക്കറിയയുടെ മകൻ ഷാജു സക്കറിയയുടെ ഒന്നര വയസുള്ള മകൾ ആൽഫൈനും മരിച്ചു. ആദ്യകുർബാന വിരുന്നിൽ പങ്കെടുത്തുകൊണ്ടിരിക്കുന്പോൾ ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്.
 മരണ പരന്പരയിൽ അവസാനത്തേതു ഷാജു സക്കറിയായുടെ ഭാര്യ സിലി സെബാസ്റ്റ്യൻറേത് (ഫിലി-42). ആയിരുന്നു. 2016 ജനുവരി 11നാണ് അവർ മരിച്ചത്. അതും ഭക്ഷണം കഴിച്ച് അധികം വൈകാതെയായിരുന്നു. ജോളിയുടെ മടിയിൽ കിടന്നാണ് സിലി അന്ത്യശ്വാസം വലിച്ചത്. 2011-ൽ മരിച്ച റോയി തോമസിന്‍റെ മൃതദേഹം ഒഴികെ എല്ലാ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്യാതെയാണു സംസ്കരിച്ചത്. ഒരു വർഷത്തിനകം ജോളി, സിലിയുടെ ഭർത്താവും മുക്കം ആനയാംകുന്ന് സ്കൂളിലെ അധ്യാപകനുമായ ഷാജു സക്കറിയയെ വിവാഹം ചെയ്തു.

You might also like

Most Viewed