പാവറട്ടി കസ്റ്റ‍ഡി മരണം സി.ബി.ഐയ്ക്ക് വിട്ടു: ഇനി കസ്റ്റഡിമരണങ്ങൾ സിബിഐ അന്വേഷിക്കും


തിരുവനന്തപുരം: പാവറട്ടി കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ടു. സംസ്ഥാന മന്ത്രിസഭയുടേതാണ് തീരുമാനം. സംസ്ഥാനത്ത് ഇനി  കസ്റ്റഡി മരണങ്ങൾ  റിപ്പോർട്ട് ചെയ്താൽ ആ കേസുകളുടെ അന്വേഷണവും സി.ബി.ഐക്ക് കൈമാറാൻ തീരുമാനം ആയി. ഹരിയാനയിലെ ഒരു കസ്റ്റ‍‍ഡിമരണക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും സേനാ വിഭാഗങ്ങൾക്ക് കീഴിൽ കസ്റ്റഡി മരണങ്ങൾ ഉണ്ടായാൽ അത് സി.ബി.ഐ അന്വേഷിക്കണമെന്നായിരുന്നു വിധിന്യായം. കസ്റ്റഡി മരണങ്ങൾ അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് മതിയോ സി.ബി.ഐ വേണോ എന്നത് സംബന്ധിച്ച് സംസ്ഥാനത്ത് തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സുപ്രധാനമായ തീരുമാനത്തിലേക്ക് മന്ത്രിസഭ എത്തിയത്.
പാവറട്ടിയിലെ രഞ്ജിത്തിന്റെ കസ്റ്റഡി മരണം സിബിഐക്ക് വിട്ടുകൊണ്ട് തീരുമാനം നടപ്പാക്കി തുടങ്ങുകയാണ് സംസ്ഥാന സർക്കാർ. നേരത്തെ നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ടിരുന്നു. എന്നാൽ മുൻകാല പ്രാബല്യത്തിൽ മറ്റ് കസ്റ്റഡി മരണക്കേസുകളും സിബിഐയ്ക്ക് വിടുമോ എന്ന കാര്യം വ്യക്തമല്ല.
ഇനി സംസ്ഥാനത്ത് ഒരു കസ്റ്റഡി മരണവും ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിൽ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇനി കസ്റ്റഡി മരണങ്ങളുണ്ടായാൽ അത് സിബിഐക്ക് വിടുമെന്ന കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതതല പോലീസ് യോഗത്തിലും കസ്റ്റ‍ഡി മരണക്കേസുകൾ സംഭവിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് താൻ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ഒക്ടോബർ ഒന്നിനാണ് തൃശൂരിൽ എക്‌സൈസ് സംഘം കഞ്ചാവുമായി പിടികൂടിയ മലപ്പുറം സ്വദേശി രഞ്ജിത്ത് മരിക്കുന്നത്. കഞ്ചാവുമായി പിടികൂടിയ ഇയാളെ പിന്നീട് എക്സൈസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ മരണപ്പെട്ട നിലയിലാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. രഞ്ജിത് കുമാറിൻറെ കഴുത്തിലും തലയ്ക്കു പിറകിലും ആയി12 ഓളം ക്ഷതങ്ങൾ ഉണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തലയിലെ രക്ത സ്രാവമാണ് മരണത്തിന് കാരണമായത്. തുടർന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ 7 ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലകുറ്റം ചുമത്തി. ഗുരുവായൂര്‍ എസി.പി.യുടെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

You might also like

Most Viewed