പൊന്നാമറ്റം തറവാട്ടിലെ മറ്റൊരു കുടുംബത്തെയും കൊലപ്പെടുത്താൻ ശ്രമം; വെളിപ്പെടുത്തലുമായി ബന്ധുക്കൾ


കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി പൊന്നാമറ്റം തറവാട്ടിലെ മറ്റൊരു കുടുംബത്തെയും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി സൂചന. ഇതു സംബന്ധിച്ച് അടുത്ത ബന്ധുക്കളായ അഞ്ചു പേർ പോലീസിന് മൊഴി നൽകി. ഒരിക്കൽ ജോളി വീട്ടിലെത്തി പോയശേഷം ഭക്ഷണം കഴിച്ചപ്പോൾ എല്ലാവരും ഛർദിച്ചു. ഭക്ഷ്യവിഷബാധ എന്നാണ് ആദ്യം കരുതിയത്. എന്നാൽ രക്ത പരിശോധനയിൽ വിഷാംശം കണ്ടെത്തി. കറിയിലാണ് വിഷാംശമുണ്ടായിരുന്നത്. മറ്റാർക്കോ വേണ്ടി ജോളി ക്വട്ടേഷൻ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു.
അതേസമയം, പൊന്നാമറ്റം കുടുംബത്തിലെ രണ്ടു മരണങ്ങളിൽക്കൂടി ദുരൂഹത വർധിക്കുകയാണ്. മരിച്ച ടോം തോമസിന്‍റെ രണ്ടു സഹോദരങ്ങളുടെ മക്കളുടെ മരണത്തിലാണ് സംശയം. അഗസ്റ്റിൻ എന്നയാളുടെ മകൻ വിൻസന്‍റ് 2002ൽ തൂങ്ങി മരിച്ചു. ഡൊമിനിക്ക് എന്നയാളുടെ മകൻ സുനീഷ് 2008ൽ വാഹനാപകടത്തിൽ മരിച്ചു. ഇരുവർക്കും ജോളിയുമായി അടുത്ത ബന്ധവും സാന്പത്തിക ഇടപാടുമുണ്ടായിരുന്നെന്നാണ് വിവരം. കേസിൽ സമഗ്ര അന്വേഷണം വേണമെന്നും താൻ ട്രാപ്പിലാണെന്ന് സുനീഷിന്‍റെ ഡയറിക്കുറിപ്പിൽ ഉണ്ടായിരുന്നുവെന്നും സുനീഷിന്‍റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജോളിക്കെതിരെ  റോയി തോമസിന്റെ സഹോദരി റെഞ്ചിയും. തന്നെ മുമ്പ് ജോളി കൊല്ലാൻ ശ്രമിച്ചിരുന്നെന്നും, എന്നാൽ അന്ന് അത് തിരിച്ചറിഞ്ഞില്ലെന്നും റെഞ്ചി അന്വേഷണ സംഘത്തോട് പറഞ്ഞു. ജോളി സ്നേഹത്തോടെ അരിഷ്ടം നൽകിയപ്പോൾ അത് കുടിച്ചെന്നും എന്നാൽ പെട്ടെന്ന് അവശയായെന്നും റെ‌ഞ്ചി പറയുന്നു. കണ്ണിൽ ഇരുട്ട് കയറുകയും ഓക്കാനിക്കുകയും ചെയ്തു. കാലുകൾ ചലിപ്പിക്കാൻ സാധിക്കാതായി. കണ്ണിലേക്ക് മഞ്ഞവെളിച്ചം വന്നു. ബോധം പോകുന്നത് പോലെ തോന്നി. ലിറ്റർ കണക്കിന് വെള്ളം കുടിച്ച ശേഷമാണ് സാധാരണ നിലയിലായത്. സ്വപ്രയത്നം കൊണ്ടാണ് അന്ന് മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് റെഞ്ചി കൂട്ടിച്ചേർത്തു. അതേസമയം, അന്ന് തനിക്ക് സംശയമൊന്നും തോന്നിയില്ലെന്നും കുടുംബത്തിലെ മറ്റ് മരണങ്ങൾ പുറത്ത് വന്നതോടെയാണ് അത് കൊലപാതക ശ്രമമായിരുന്നെന്ന് മനസിലായതെന്നും റെഞ്ചി പറഞ്ഞു. ആരെയും തേജോവധം ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നും,മാതാപിതാക്കളുടെ മരണത്തിലെ ദുരൂഹതയെപ്പറ്റി അറിയാനാണ് ശ്രമിച്ചതെന്നും റെഞ്ചി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നായിരുന്നു ജോളിയുടെ മകന്റെ പ്രതികരണം.
അതേസമയം, പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. എസ്പി ടി.ജി. സൈമണും ഡിവൈഎസ്പി ആർ. ഹരിദാസും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

You might also like

Most Viewed