ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിക്കാൻ ആറംഗസമിതിയെ ചുമതലപ്പെടുത്തി മരട് നഗരസഭ


കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിക്കാനുള്ള ജോലിക്കായി നഗരസഭ ആറംഗസംഘത്തെ ചുമതലപ്പെടുത്തി. നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനാണ് സംഘത്തെ നിയോഗിക്കാൻ  ഇന്ന് ചേർന്ന നഗരസഭയുടെ അടിയന്തര കൗൺസിലിൽ തീരുമാനമായത്. മരടിലെ ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിക്കുന്നതിനുള്ള ജോലികൾക്ക്  മാത്രമായി ആണ് ആറംഗ ഉദ്യോഗസ്ഥസംഘത്തെ ചുമതലപ്പെടുത്തിരിക്കുന്നത്.
സമുച്ചയങ്ങൾ പൊളിക്കുമ്പോൾ നഷ്ടപരിഹാരം ലഭിക്കേണ്ട ഫ്ലാറ്റ് ഉടമകളുടെ പട്ടിക നഗരസഭ ഉടൻ സർക്കാരിന് സമർപ്പിക്കും. എന്നാൽ രേഖകൾ സമർപ്പിച്ച 130 ഓളം പേർക്ക് മാത്രമേ തുക ലഭിക്കുകയുള്ളു എന്നാണ് സൂചന. നഗരസഭ നൽകുന്ന പട്ടിക സർക്കാർ നഷ്ടപരിഹാരം നിശ്ചയിക്കാനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായരുടെ കമ്മിറ്റിക്ക് കൈമാറും.
അതേസമയം ഫ്ലാറ്റുകൾക്ക്  അനുമതി നൽകിയ സമയത്ത് മരട് പഞ്ചായത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. മരടിൽ ഫ്ലാറ്റുകൾ നിർമ്മിച്ചത് തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതിന് പിന്നാലെയാണ്  ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ മുൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ചട്ടം ലംഘിച്ച് ഫ്ലാറ്റ് നിർമാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥരെ ആണ് ചോദ്യം ചെയ്യുന്നത്.

ഫ്ലാറ്റ് പൊളിക്കലിന് വിദഗ്ദോപദേശം നൽകാൻ സർക്കാർ നിയോഗിച്ച വിദഗ്ധൻ എസ് ബി സർവാതെ നാളെ കൊച്ചിയിലെത്തും. മറ്റന്നാൾ തന്നെ ഫ്ലാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സർവാതെയും മരടിലെ ഫ്ലാറ്റുകളിൽ എത്തി പരിശോധന നടത്തും. നിയന്ത്രിത സ്ഫോടനത്തിലൂടെയാകും മരടിലെയും ഫ്ലാറ്റുകൾ പൊളിക്കുക.
ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട്  സമീപവാസികൾക്ക് ഉണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാൻ ബോധവത്ക്കരണം നടത്താനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ആശങ്കകൾ പരിഹരിക്കുന്നതിനായി മരട് ഫ്ലാറ്റുകൾക്ക് സമീപം താമസിക്കുന്നവർക്ക് 12 മുതൽ 14 വരെയുള്ള തീയതികളിൽ ബോധവത്കരണം നടത്താൻ ആണ് തീരുമാനം. ജില്ലാ കളക്ടറുടെ കൂടി സാന്നിധ്യത്തിലാകും ബോധവത്കരണം.

You might also like

Most Viewed