തൃശൂരില്‍ ഡ്രൈവറെ ആക്രമിച്ച് ഊബര്‍ ടാക്‌സി തട്ടിയെടുക്കാന്‍ ശ്രമം


തൃശൂര്‍: ഡ്രൈവറെ ആക്രമിച്ച് ഊബര്‍ ടാക്‌സി കാര്‍ തട്ടിയെടുക്കാന്‍ ശ്രമം. ഇയാളുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചാണ് കാര്‍ തട്ടിയെടുത്തത്. ഇന്ന് പുലര്‍ച്ചെ തൃശൂര്‍ ദിവാന്‍ജി മൂലയില്‍ നിന്നും എറണാകുളത്തേക്കാണ് കാര്‍ ബുക്ക് ചെയ്തത്. രണ്ട് പേരായിരുന്നു വാഹനത്തില്‍ കയറിയത്. ഇവരുടെ കൈവശം ഒരു ഇരുമ്പ് വടിയുമുണ്ടായിരുന്നുവെന്നാണ് സൂചന.

പുതുക്കാടിന് മുന്‍പായി ആമ്പല്ലൂരില്‍ വച്ച് ഡ്രൈവറുടെ തലയ്ക്ക് പിന്നില്‍ ഇരുമ്പ് കമ്പികൊണ്ട് അടിക്കുകയായിരുന്നു. അപ്പോള്‍ തന്നെ ബോധം നഷ്ടപ്പെട്ട ഡ്രൈവറെ പുറത്താക്കിയ ശേഷം കാറുമായി ഇവര്‍ കടന്നു കളയുകയായിരുന്നു. ബോധം വന്നപ്പോള്‍ ഇയാള്‍ പുതുക്കാട് പോലീസില്‍ വിവരമറിയിക്കുകയും പോലീസ് കാറിനെ പിന്തുടരുകയും ചെയ്തു. പോലീസ് പിന്തുടര്‍ന്നുവെന്നും പിടിയിലാകും എന്ന് കണ്ടതോടെ അക്രമികള്‍ കാര്‍ കാലടിയില്‍ ഉപേക്ഷിക്കുകയും രക്ഷപെടുകയുമായിരുന്നു. കരുനാഗപ്പിള്ളി സ്വദേശി രാജേഷിനെ ആക്രമിച്ചാണ് വാഹനം തട്ടിക്കൊണ്ടുപോയത്. പരിക്കേറ്റ ഡ്രൈവര്‍ രാജേഷിനെ പുതുക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയെന്ന് പോലീസ്.

You might also like

Most Viewed