കയ്പമംഗലത്തുനിന്നു കാണാതായ പെട്രോൾ പന്പ് ഉടമ കൊല്ലപ്പെട്ട നിലയിൽ


തൃശൂർ: കയ്പമംഗലത്തുനിന്നു കാണാതായ പെട്രോൾ പന്പ് ഉടമയെ ഗുരുവായൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കയ്പമംഗലം സ്വദേശി മനോഹരനാണു മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണു മമ്മിയൂർ ലിറ്റിൽ ഫ്ളവർ കോളജിന്‍റെ മുൻവശത്തു മനോഹരന്‍റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ പന്പിൽനിന്നു കാറിൽ പുറപ്പെട്ട മനോഹരനെ പിന്നീട് കാണാതാകുകയായിരുന്നു. പന്പിൽനിന്നു കാറിൽ പുറപ്പെട്ട മനോഹരനെ ഇടയ്ക്കു മകൾ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഫോണ്‍ എടുത്തയാൾ അച്ഛൻ ഉറങ്ങുകയാണെന്നു പറഞ്ഞു ഫോണ്‍ വച്ചു. പിന്നീട് ഫോണ്‍ ഓഫായി. ഇതിനെത്തുടർന്നു കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച പുലർച്ചെ 12.50-നാണു പെട്രോൾ പന്പിൽ നിന്നു മനോഹരൻ കാറിൽ വീട്ടിലേക്കു യാത്രതിരിച്ചത്. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. മനോഹറിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു എന്നാണു പോലീസ് നിഗമനം.

You might also like

Most Viewed