ശബരിമല യുവതി പ്രവേശന വിധി ഏഴംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.


ന്യൂഡൽഹി: ശബരിമല യുവതി പ്രവേശ വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടു. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ഏഴംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ആണ് വിധി പ്രസ്താവിച്ചത്. എന്നാൽ നിലവിധി സ്റ്റേ ചെയ്തതായോ തൽസ്ഥിതി തുടരണമെന്നോ വിധിയിൽ വ്യക്തമാക്കിയിട്ടില്ല.<br> <br> ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, ജഡ്ജിമാരായ ഇന്ദു മൽഹോത്ര, എ.എം ഖാൻവൽക്കർ എന്നിവരാണ് ഏഴംഗ ഭരണഘടനാ ബെഞ്ചിലേക്ക് വിടണമെന്ന് വിധി എഴുതിയത്.
എന്നാൽ ജസ്റ്റീസുമാരായ രോഹിൻടൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർ വിയോജിച്ച് വിധിന്യായമെഴുതി. സ്ത്രീകളുടെ ഭരണഘടനാ അവകാശം ഉയർത്തിപ്പിടിക്കാൻ പുനപരിശോധന ഹർജികൾ തള്ളുന്നതായി ഇരുവരും സംയുക്ത വിധി പ്രസ്താവത്തിൽ പറഞ്ഞു. ന്യൂനപക്ഷ വിധി രോഹിൻടൺ നരിമാൻ വായിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കാമെന്ന് 2018 സെപ്റ്റംബർ 28നാണ് ഒരംഗത്തിന്‍റെ വിയോജിപ്പോടെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പത്ത് മുതൽ 50 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് വിവേചനമാണെന്നും ആരാധനാ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും അഞ്ചംഗങ്ങളിൽ നാലു പേരും വിധിയെഴുതി. ആർത്തവത്തിന്‍റെ പേരിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്ന 1965ലെ കേരള ഹിന്ദു ആരാധനാ സ്ഥല പ്രവേശന നിയമത്തിലെ ചട്ടം മൂന്ന് ബി വകുപ്പ് ഭരണഘടനാ ലംഘനമാണെന്നും ഭൂരിപക്ഷ ബെഞ്ച് വിധിച്ചു.

You might also like

Most Viewed