ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷ ശക്തം


പത്തനംതിട്ട: മണ്ധല പൂജയ്ക്കായി നടതുറന്നതോടെ ശബരിമലയിൽ ഭക്തജനത്തിരക്ക് വർദ്ധിച്ചു. പരന്പരാഗത കാനനപാതയായ ഇടുക്കി വണ്ടിപ്പെരിയാർ സത്രം വഴി തീർത്ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടാൻ തുടങ്ങി. കർശന പരിശോധനക്ക് ശേഷമാണ് ഭക്തരെ കടത്തിവിടുന്നത്. രാവിലെ എട്ടോടെയാണ് തീർത്ഥാടകരെ കടത്തിവിട്ടുതുടങ്ങിയത്. പൊലീസിന്‍റേയും വനംവകുപ്പിന്‍റേയും പരിശോധനകൾക്ക് ശേഷമാണ് പ്രവേശനം.

വണ്ടിപ്പെരായാറിൽ നിന്ന് തീർത്ഥാടകർ 12 കിലോമീറ്റർ വനത്തിലൂടെ നടന്ന് വേണം സന്നിധാനത്തെത്താൻ. കാനനപാതയിൽ അഞ്ചിടങ്ങളിൽ വനംവകുപ്പ് കുടിവെള്ളവും അവശ്യ ചികിത്സാസഹായയും സജ്ജമാക്കിയിട്ടുണ്ട്. ഉപ്പുതോടിൽ ഭക്ഷണം നൽകുന്നതിനായി എക്കോ ഷോപ്പും ഒരുക്കിയിട്ടുണ്ട്. വണ്ടിപ്പെരിയാറിലും സത്രത്തിലും വൻസുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പൊലീസും വനപാലകരുമായി മൂന്നൂറോളം പേരെ ഇവിടെ വിന്യസിച്ചു.

അതേസമയം അടിസ്ഥാന സൗകര്യങ്ങൾ ഇത്തവണയും കാര്യക്ഷമമായി ഒരുക്കിയിട്ടില്ലെന്ന് പരാതിയുണ്ട്. ശുചിമുറികൾ ഉൾപ്പടെയുള്ളവയുടെ അഭാവം തീർത്ഥാടകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന  പരാതി ഉയർന്നിട്ടുണ്ട്. ദേവസ്വം ബോ‍ർഡിന്‍റെ അനാസ്ഥയാണ് അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സമെന്ന് വണ്ടിപ്പെരിയാർ പഞ്ചായത്ത് അധികൃതർ ആരോപിച്ചു. ജില്ലാ ഭരണകൂടത്തിൽ നിന്ന് പണം കിട്ടുന്നതിന് അനുസരിച്ച് മകരവിളക്കിന് മുന്പ് അടിസ്ഥാന സൗകര്യങ്ങൾ കൂടുതലായി ഒരുക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

You might also like

Most Viewed