ഗിയർ ഡ്രൈവറുടെ ലൈസൻസ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസൻസും പോയി


ആഘോഷത്തോടെയുള്ള വിനോദയാത്രയ്ക്കിടെ ബസ് ഡ്രൈവർ വാഹനത്തിന്റെ ഗിയർ മാറ്റുവാൻ വിദ്യാർത്ഥിനികൾക്ക് അനുമതി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ഡ്രൈവറുടെ ലൈസൻസ് സസ്പന്റ് ചെയ്യുവാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും കണ്ടും കേട്ടും പഠിക്കാതെ ഒരു കൈയ്യിൽ മൈക്കും പിടിച്ച് ബസോടിക്കുന്ന ഡ്രൈവറുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. 'ആരോ വിരൽമീട്ടി' എന്ന മനോഹരമായ ഗാനമാണ് ബസോടിച്ചു കൊണ്ട് ഡ്രൈവർ ആലപിക്കുന്നത്. എന്നാൽ പാട്ട് നന്നായിരുന്നുവെങ്കിലും തിരക്കേറിയ റോഡിൽ അപകടകരമായി ഡ്രൈവ് ചെയ്തതിനാൽ ഈ ഡ്രൈവറുടെയും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് അറിയിച്ചിട്ടുമുണ്ട്. ഗിയർ ഡ്രൈവറുടെ ലൈസൻസ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസൻസും പോയിട്ടുണ്ട്' എന്ന അറിയിപ്പുമായിട്ടാണ് പോലീസ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.
 
 

You might also like

Most Viewed