ക്ലാസ് മുറിയിൽ പാന്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചു: ചികിത്സ വൈകിയെന്ന് ആരോപണം


സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ പാന്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ചികിത്സ നൽകാൻ വൈകിയെന്ന് ആരോപണം. പുത്തൻകുന്ന് ചിറ്റൂരിലെ അഭിഭാഷക ദന്പതികളായ അബ്ദുൽ അസീസിന്‍റെയും സജ്നയുടെയും മകൾ ഷഹല ഷെറിനാണ്(10) കഴിഞ്ഞ ദിവസം മരിച്ചത്.ബത്തേരി ഗവ. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. ബുധനാഴ്ച വൈകുന്നേരം ക്ലാസ് സമയത്താണ് പാന്പുകടിയേറ്റത്. എന്നാൽ പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അദ്ധ്യാപകർ മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് ഷഹലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മറ്റ് വിദ്യാർത്ഥികൾ ആരോപിച്ചു. സ്കൂൾ അധികൃതർ നൽകിയ വിവരം അനുസരിച്ച് രക്ഷിതാവെത്തിയ ശേഷമാണ് കുട്ടിയെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഡോക്ടർക്കും പാന്പ് കടിച്ചതാണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചില്ല. പിന്നീട് റഫർ ചെയ്തതനുസരിച്ചു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
മാളങ്ങൾ നിറഞ്ഞ ക്ലാസ്സുകളുള്ള സ്കൂളാണ് സുൽത്താൻ ബത്തേരി ഗവ. സർവ്വജന ഹയർ സെക്കന്‍ററി സ്കൂൾ. പാമ്പു കൊത്തിയെന്ന് കണ്ടെത്തിയിട്ടും ഏതാണ്ട് ഒരു മണിക്കൂറോളം കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ കിട്ടിയില്ലെന്ന് വ്യക്തമാകുന്നതാണ് ഷഹലയുടെ സഹപാഠികൾ പറയുന്നത്. എന്നാൽ വിവരം അറിഞ്ഞ ഉടൻ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയെന്നും, അവിടെ ജൂനിയർ ഡോക്ടർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിനാലാണ് ചികിത്സ വൈകിയതെന്നുമാണ് പ്രധാനാദ്ധ്യാപകൻ പറയുന്നത്. എന്താണ് അവിടെ സംഭവിച്ചതെന്നറിയാൻ വിദ്യാഭ്യാസ വകുപ്പിന്‍റെ ഉന്നതതല അന്വേഷണ സംഘത്തെ സ്കൂളിലേക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള വ്യക്തമാക്കി. ചെരിപ്പിടാൻ അദ്ധ്യാപകർ സമ്മതിച്ചിരുന്നില്ലെന്നും, ക്ലാസ്സിൽ പാമ്പുണ്ടെന്ന് പറഞ്ഞിട്ട് പോലും അദ്ധ്യാപകർ ഒന്നും ചെയ്തില്ലെന്നും കാണിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധിക്കുകയാണ് സ്കൂളിൽ.

You might also like

Most Viewed