വിജയ കീരീടം ചൂണ്ടി വീണ്ടും പാലക്കാട്; അറുപത്തിഒന്നാം കലോത്സവത്തിന് കൊല്ലത്ത് വേദിയൊരുങ്ങും


കാഞ്ഞങ്ങാട് അറുപതാം സംസ്ഥാന സ്കൂൾ കലോത്സവ കിരീടത്തിൽ തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടി പാലക്കാട്. 951 പോയിന്റുമായാണ് പാലക്കാടിന്റെ കിരീടനേട്ടം. കോഴിക്കോട്, കണ്ണൂ‍ർ ജില്ലകൾ ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും ഫോട്ടോഫിനിഷിൽ രണ്ട് പോയിന്‍റിന്‍റെ മുൻതൂക്കത്തിൽ കിരീടം പാലക്കാട് നിലനിർത്തുകയായിരുന്നു. ഒരേ പോയിന്റ് ലഭിച്ചത്തോടെ നറുക്കെടുപ്പിലൂടെ രണ്ടാം സ്ഥാനത്തേക്ക് ഉള്ള ട്രോഫി കോഴിക്കോട് നേടി.
ചരിത്രത്തിൽ മൂന്നാം തവണയാണ് പാലക്കാട് ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ വർഷം കൈവിട്ട കലാകിരീടം തിരിച്ചുപിടിക്കാനുറപ്പിച്ച് പോരാടിയ കോഴിക്കോട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 940 പോയിന്റോടെ തൃശ്ശൂർ ജില്ലയാണ് നാലാം സ്ഥാനത്ത്. ആതിഥേയരായ കാസർകോട് റാങ്ക് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. സ്‌കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയാണ് ഒന്നാമത്. അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം ജില്ല വേദിയാകും.

കോഴിക്കോടൻ കുതിപ്പിനെ ഫോട്ടോഫിനിഷിൽ മറികടന്നാണ് പൊൻകിരീടവുമായി പാലക്കാട് മടങ്ങുന്നത്. ആദ്യ ദിനങ്ങളിൽ പോയിന്‍റുപട്ടികയിൽ പിന്നിലായിരുന്ന പാലക്കാട് മൂന്നാംദിനം മുതലാണ് മത്സരം കടുപ്പിച്ചത്. പിന്നെ അവസാന മത്സരവും അപ്പീലുകളും വരെ നീണ്ടുനിന്ന ആകാംക്ഷ. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ആലത്തൂർ ഗുരുകുലം സ്കൂൾ പാലക്കാടൻ വിജയത്തിന്റെ നട്ടെല്ലായി. സമാപന സമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചലച്ചിത്ര താരങ്ങളായ രമേഷ് പിഷാരടിയും വിന്ദുജ മേനോനും മുഖ്യാതിഥികളായി.
ഉച്ചയ്ക്ക് ശേഷം പെയ്ത കനത്തമഴ സമാപന ചടങ്ങിന്‍റെ ശോഭ കെടുത്തി. പല ടീം അംഗങ്ങളും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ പെട്ടു. 28 വർഷത്തിന് ശേഷം കാസർകോട് ജില്ലയിലേക്കെത്തിയ കലോത്സവം ആസ്വാദക പങ്കാളത്തത്തിന്‍റെ അതുല്യമായ മാതൃകയായി. കഴിഞ്ഞ വർഷത്തേതിനേക്കാൾ അപ്പീലുകളുടെ എണ്ണം കുറഞ്ഞതിനാൽ മത്സരങ്ങൾ അനിശ്ചിതമായി നീളുന്നത് അപൂർവമായിരുന്നു. അറുപത്തിഒന്നാം കലോത്സവത്തിന്‍റെ ആതിഥേയത്വം കൊല്ലത്തിന് കൈമാറിക്കൊണ്ട് കാഞ്ഞങ്ങാടിന്റെ കളിയാട്ടത്തിന് പരിസമാപ്തി.

You might also like

Most Viewed