വിശപ്പടക്കാൻ മണ്ണുവാരിത്തിന്നു; പിഞ്ചുമക്കളെ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലേക്ക് വിട്ട് ഒരമ്മ


തിരുവനന്തപുരം: ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തില്‍ രാജ്യത്തിന് മാതൃകയെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്തിന്‍റെ തലസ്ഥാനനഗരിയിൽ വിശപ്പടക്കാന്‍ മാര്‍ഗ്ഗമില്ലാതെ കുട്ടികള്‍ വലയുന്നു. വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ നാല് പിഞ്ചുമക്കളെ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലേക്ക് വിട്ട് കൊടുത്തിരിക്കുകയാണ് തലസ്ഥാനഗരിയിലെ ഒരമ്മ. കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടംബത്തിലെ അമ്മയാണ് തന്‍റെ ദുരിതം അറിയിച്ചത്. തിരുവനന്തപുരം ശിശുക്ഷേമസമിതി ഓഫീസില്‍ കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ അമ്മ അപേക്ഷ നല്‍കിയത്. ആറു കുട്ടികളാണ് ഇവര്‍ക്ക്. മൂത്തയാള്‍ക്ക് 7 വയസ്സും ഏറ്റവും ഇളയ ആള്‍ക്ക് മൂന്ന് മാസവുമാണ് പ്രായം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് മദ്യപാനിയാണ്. ഭക്ഷണത്തിനുള്ള വക ഭര്‍ത്താവ് തരാറില്ല. വിശപ്പടക്കാന്‍ മൂത്ത കുട്ടി മണ്ണ് വാരി തിന്നുന്ന അവസ്ഥ പോലുമുണ്ടായി. സംഭവമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ എത്തുകയായിരുന്നു. മുലപ്പാല്‍ കുടിക്കുന്ന ഇളയ രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളേയും ശിശുക്ഷേമസമിതി ഏറ്റെടുത്തു. നീതി ആയോഗ് പുറത്തുവിട്ട ആരോഗ്യ സൂചിക റിപ്പോര്‍ട്ടില്‍ കേരളം ഒന്നാം സ്ഥാനത്താണുള്ളത്.
ഈ നേട്ടം കൈവരിച്ച സംസ്ഥാനത്തിന്‍റെ തലസ്ഥാനനഗരിയിലാണ് വിശപ്പടക്കാന്‍ മാര്‍ഗ്ഗമില്ലാതെ കുട്ടികള്‍ വലഞ്ഞത്. കുടംബാസാത്രണരംഗത്ത് രാജ്യത്തിന് മാതൃകയായ സംസ്ഥാനത്താണ് ഓരോ വര്‍ഷത്തെ ഇടവേളകളില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ഒരമ്മ ജന്‍മം നല്‍കിയത്. ലൈഫ് പദ്ധതിയില്‍ ലക്ഷങ്ങള്‍ക്ക് വീടൊരക്കിയ സംസ്ഥാനത്താണ് എട്ട് പേരടങ്ങുന്ന കുടുംബം പുറമ്പോക്കിലെ ഷെഡില്‍ കഴിഞ്ഞത്. ഭര്‍ത്താവിനെതിരെ പരാതിയില്ലെന്നും മക്കള്‍ ആരോഗ്യത്തോടെ വളര്‍ന്നാല്‍ മതിയെന്നും ഈ അമ്മ പറയുന്നു.

You might also like

Most Viewed