സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ, സർക്കാരിനെതിരെ ചെന്നിത്തല


തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞിട്ടും അതിനെ നേരിടാൻ സർക്കാർ നടപടികൾ കൈക്കൊള്ളുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നികുതി പിരിവിൽ സർക്കാരിന് കടുത്ത അനാസ്ഥയാണെന്നും നികുതി പിരിവ് കൂട്ടാനും പാഴ്ചെലവ് ഒഴിവാക്കാനും സർക്കാർ നടപടി കൈക്കൊള്ളുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഈ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് സർക്കാർ, ചെലവിന്‍റെ കാര്യത്തിൽ വൻ ധൂർത്ത് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

സംസ്ഥാനത്തെ 70 സർ‌ക്കാർ കോേളജുകളിലെ വിദ്യാർത്ഥി യൂണിയൻ ചെയർമാൻമാരെ യുകെയിലെ കാർഡിഫിലേക്ക് നേതൃത്വപാടവ പരിശീലന പരിപാടിക്ക് അയക്കാനുള്ള നീക്കം ഇത്തരത്തിലൊരു ധൂർത്തിന്‍റെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു. റൂസ ഫണ്ടിൽ നിന്നുള്ള ഒരു കോടിയിലധികം രൂപയാണ് ഇതിനായി ചെലവാക്കുന്നതെന്നായിരുന്നു സർ‌ക്കാർ വിശദീകരണം. എന്നാൽ, റൂസ ഫണ്ട് സംസ്ഥാനത്തെ കോളജുകളുടെയും സർവകലാശാലകളുടെയും അടിസ്ഥാന വികസനത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമായാണ് നൽകുന്നത്− ചെന്നിത്തല വ്യക്തമാക്കി. യുഡിഫ് ഭരണകാലത്ത് റൂസ ഫണ്ടിൽ നിന്ന് 30 കോടി രൂപയോളം കോളജുകളുടെയും സർവകലാശാലകളുടെയും അടിസ്ഥാന വികസനത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമായി വിനിയോഗിച്ചിരുന്നു− പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ എൽഡിഎഫ് സർക്കാർ , കേന്ദ്രം പഠനാവശ്യങ്ങൾക്ക് നൽ‌കിയ ഫണ്ട് ധൂർത്തടിക്കുകയാണ് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാരുടെ വിദേശ പര്യടനം കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമാണ് ഉണ്ടാകുന്നതെന്നു ചോദിച്ച പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ നിശിത വിമർശനമാണ് ചെന്നിത്തല നടത്തിയത്. 

You might also like

Most Viewed