ലോക് താന്ത്രിക് ജനതാദളുമായി ലയനത്തിന് തയ്യാറാണെന്ന് ജെ.ഡി.എസ്


തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളുമായി(എൽ.ജെ.ഡി.) ലയനത്തിന് തയ്യാറാണെന്ന് ജെ.ഡി.എസ്. ഇക്കാര്യത്തിൽ എൽ.ജെ.ഡി നേതാവ് എം.പി. വീരേന്ദ്രകുമാർ എം.പിയുമായി പ്രാഥമിക ചർച്ച നടത്തിയെന്ന് ജെ.ഡി.എസ്. സംസ്ഥാന അദ്ധ്യക്ഷൻ സി.കെ.നാണു വാർത്താസമ്മേളനത്തിൽ അറിയിച്ചു. സോഷ്യലിസ്റ്റ് കക്ഷികൾ ഒരുമിക്കേണ്ട സമയമാണിത്, ജനതാദൾ എന്ന പ്രസ്ഥാനം ഭിന്നിച്ചു പോകാതെ ഒരുമിക്കണം. ഇരുപാർട്ടികൾക്കും ലയനത്തിൽ താത്പര്യമുണ്ട്. എല്ലാവരും സന്നദ്ധരായാൽ കാര്യങ്ങൾ അനുകൂലമാകും− സി.കെ.നാണു പറഞ്ഞു. ജെ.ഡി.എസ്. സംസ്ഥാന സമിതിയിലും ലയനം വേണമെന്ന അഭിപ്രായമുയർന്നു. ലയനത്തിന് തടസമില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടിയും പ്രതികരിച്ചു. അടുത്തവർഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം വേണമെന്നാണ് ജെ.ഡി.എസിന്റെ അഭിപ്രായം. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എൽ.ജെ.ഡി.യിലും ഉപസമിതി രൂപവത്കരിച്ചിട്ടുണ്ട്.

സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി.ഹാരിസിന്റെ നേതൃത്വത്തിലാണ് ഈ സമിതി. സി.കെ.നാണു, കെ.കൃഷ്ണൻകുട്ടി എന്നിവരാണ് ജെ.ഡി.എസിൽ ലയനനീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.

You might also like

Most Viewed