വിശപ്പ് മൂലം കുട്ടികൾ മണ്ണ് തിന്ന സംഭവം: ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി രാജിവച്ചേക്കും


തിരുവനന്തപുരം: ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി ദീപക് രാജിവച്ചേക്കും. തിരുവനന്തപുരം കൈതമുക്കിൽ, വിശപ്പ് കാരണം കുട്ടികൾ മണ്ണ് തിന്നുവെന്ന പരാമർശത്തിൽ സിപിഎം വിശദീകരണം ചോദിച്ച സാഹചര്യത്തിലാണ് നീക്കം. പാർട്ടിക്ക് ഇന്ന് ദീപക് വിശദീകരണം നൽകും. കൈതമുക്കിൽ ദാരിദ്രം മൂലം അമ്മ നാലു കുട്ടികളെ ശിശുക്ഷേമസമിതക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു ദീപകിൻറെ ഈ പരാമർശം. ഇതോടെ സംഭവം വൻ വിവാദമാകുകയും സർക്കാർ വെട്ടിലാകുകയും ചെയ്തു. ആരോഗ്യമേഖലയിൽ കേരളം വൻ മുന്നേറ്റം നടത്തിയെന്ന് അവകാശപ്പെടുമ്പോഴുള്ള സംഭവം ദേശീയതലത്തിൽ തന്നെ ചർച്ചയായി. എന്നാൽ ബാലാവകാശ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കുട്ടികൾ മണ്ണ് തിന്നേണ്ടിവന്നിട്ടില്ലെന്ന് കണ്ടെത്തി. അമ്മയുടെ പേരിൽ ശിശുക്ഷേമ സമിതിക്ക് കത്തെഴുതിയത് വഞ്ചിയൂർ ലോക്കൽ കമ്മിറ്റി അംഗമാണെന്ന് സിപിഎമ്മിൻറെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മുഖ്യമന്ത്രിയും സംഭവത്തിൽ കടുത്ത അതൃപ്തനാണ്. പാർട്ടിയുടേയും സർക്കാറിൻറെയും അതൃപ്തി മനസ്സിലാക്കിയാണ് പുറത്ത് പോകാനുള്ള ദീപകിൻറെ നീക്കം. ബോധപൂർവ്വമായിരുന്നില്ല പരാമർശം എന്ന നിലക്കാകും ദീപക് പാർട്ടിക്ക് മറുപടി നൽകുക. മറുപടിക്ക് പിന്നാലെ സ്ഥാനമൊഴിയാനാണ് ശ്രമം. ദീപകിനെതിരെ പാർട്ടി തല നടപടിയും ഉണ്ടാകും.

You might also like

Most Viewed