തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി കസ്റ്റംസ് ഓഫീസര്‍ അറസ്റ്റില്‍


കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ കസ്റ്റംസ് ഓഫീസർ ബി.രാധാകൃഷ്ണൻ പിടിയിൽ. കൊച്ചിയിലെ സി.ബി.ഐ ഓഫീസിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. രാധാകൃഷ്ണൻ അടക്കമുള്ള പ്രതികൾക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ നിർദ്ദേശപ്രകാരം കരുതൽ തടങ്കൽ ഉത്തരവ് വന്നിരുന്നു. അതിന് ശേഷം ഈ കേസിൽ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കോർഡിനേറ്ററായ പ്രകാശ് തമ്പി, സെറീന ഷാജി, അഡ്വ. ബിജു എന്നിവർ ഈ ഉത്തരവുപ്രകാരം പൂജപ്പുര സെൻട്രൽ ജയിലായിരുന്നു. 

ഉത്തരവ് വന്നതിന് ശേഷം വിഷ്ണു സോമസുന്ദരം, ബി. രാധാകൃഷ്ണൻ എന്നിവർ ഒളിവിൽ പോയിരുന്നു. ബി. രാധാകൃഷ്ണന്റെ പങ്കിനെക്കുറിച്ച് സിബിഐ പ്രത്യേകം കേസെടുത്ത് അന്വേഷണം തുടങ്ങുകയും അദ്ദേഹത്തിന്റെ വീട്ടിലെത്തി നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഈ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കൊച്ചിയിലെ സി.ബി.ഐ ഓഫീസിലേക്ക് വരുന്ന വഴിക്കുവെച്ചാണ് രാധാകൃഷ്ണനെ കരുതൽ തടങ്കൽ ഉത്തരവ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇദ്ദേഹത്തെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. കരുതൽ തടങ്കൽ ഉത്തരവ് പ്രകാരമാണ് അറസ്റ്റെന്നതിനാൽ കുറഞ്ഞത് ഒരുവർഷത്തോളം ജയിലിൽ നിന്ന് പുറത്തിറങ്ങാൻ രാധാകൃഷ്ണന് സാധിക്കില്ല. അതിനാൽ ഒളിവിലിരിക്കെ കരുതൽ തടങ്കൽ ഒഴിവാക്കാൻ രാധാകൃഷ്ണൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് സിബിഐ കേസെടുക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അല്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും സിബിഐ നോട്ടീസ് നൽകിയതോടെയാണ് രാധാകൃഷ്ണൻ സിബിഐ ഓഫീസിലേക്ക് പോയത്. ഈ യാത്രക്കിടെയാണ് നാടകീയമായി പോലീസ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യുന്നത്. 

രാധാകൃഷ്ണൻ പിടിയിലാകുന്നതോടെ സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കിട്ടുമെന്നാണ് കരുതുന്നത്. അതുപോലെ തന്നെ രാധാകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയത് ബാലഭാസ്കറാണെന്ന് വിഷ്ണു സോമസുസന്ദരം ഡി.ആർ.ഐ.യ്ക്ക് മൊഴി നൽകിയിരുന്നു.

 

You might also like

Most Viewed