കാറിടിച്ച് പരിക്കേറ്റ കുട്ടിയെ വഴിയിൽ തള്ളി കാർ യാത്രക്കാർ; കുട്ടിക്ക് ദാരുണാന്ത്യം


പാലക്കാട്: പാലക്കാട് ഏഴാം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കുട്ടിക്ക് ചികിത്സ നൽകാൻ നിൽക്കാതെ കാർ യാത്രക്കാർ രക്ഷട്ടെന്ന് ബന്ധുക്കൾ. നല്ലേപ്പള്ളി സ്വദേശി സുദേവന്റെ മകൻ സുജിത്താണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് അപകടമുണ്ടായത്. മിഠായി വാങ്ങാനായി പോകുകയായിരുന്നു കുട്ടി. അമിതവേഗത്തിലെത്തിയ കാർ കുട്ടിയെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു.

അപകടം കണ്ട സമീപവാസി കുട്ടിയെ അതേ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കാർ  യാത്രക്കാർ കുട്ടിയെ വാഹനത്തിൽ കയറ്റി 5 കിലോമീറ്ററോളം മുന്നോട്ട് പോയി. എന്നാൽ കുട്ടിയുടെ തലയിൽ നിന്നും രക്തംവരാൻ തുടങ്ങിയതോടെ ടയർ പഞ്ചറായെന്ന് പറഞ്ഞ് കാറിലുണ്ടായിരുന്നവർ കുട്ടിയെ വഴിയിൽ ഇറക്കിവിട്ടു.

തുടർന്ന് സമീപവാസി കുട്ടിയെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അഞ്ചുമണിക്ക് അപകടം നടന്നെങ്കിലും ആറരയ്ക്കാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്‍റേതാണ് കാറെന്ന് തിരിച്ചറിഞ്ഞതായി പോലീസ്‌ വ്യക്തമാക്കി.

You might also like

Most Viewed