വിമാന സീറ്റിനുള്ളിൽ രണ്ട് കിലോ സ്വർണം; എസ്.ഐയും വനിതാ സുഹൃത്തും കസ്റ്റഡിയിൽ


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബൈയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കു വന്ന എമിറേറ്റ്സ് വിമാനത്തിലെ സീറ്റിനുള്ളിൽ നിന്നാണ് രണ്ടു കിലോ സ്വർണം പിടി കൂടിയത്. സ്വർണം കണ്ടെത്തിയ സീറ്റിലിരുന്ന വഞ്ചിയൂർ പോലീസ് േസ്റ്റഷനിലെ ക്രൈം എസ്.ഐ സഫീറിനേയും സഹയാത്രക്കാരിയായ പ്രിജി സിമിയേയും ഡി.ആർ.ഐ ചോദ്യം ചെയ്യുകയാണ്. 

തിങ്കളാഴ്ച രാവിലെ നാലിനാണ് സംഭവം. ദുബൈയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന എമിറേറ്റ്സ് വിമാനത്തിൽ സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡി.ആർ.ഐ) പരിശോധന നടത്തുകയായിരുന്നു. സ്വർണം കണ്ടെത്തിയ സീറ്റിൽ യാത്ര ചെയ്തിരുന്നത് വഞ്ചിയൂർ ക്രൈം എസ്.ഐയും വനിതാ സുഹൃത്തുമായിരുന്നു. ഇവരെ ഡി.ആർ.ഐ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവർ രണ്ടുപേരും ദുബൈയിലേക്ക് പോയതും തിരികെ വന്നതും ഒന്നിച്ച് ടിക്കറ്റെടുത്താണ്. കൂടാതെ വിമാനത്തിലെ അതേ നിരയിലുണ്ടായിരുന്ന മറ്റു യാത്രക്കാരേയും ചോദ്യം ചെയ്യുന്നുണ്ട്. എസ്.ഐ സഫീർ കഴിഞ്ഞ ദിവസങ്ങളിൽ ലീവിലായിരുന്നുവെന്ന വിവരമാണ് ചോദ്യം ചെയ്യലിൽ ലഭിച്ചിരിക്കുന്നത്. ദുബൈയിൽ എന്താവശ്യത്തിനാണ് പോയതെന്ന അടക്കമുള്ള കാര്യങ്ങൾ ഡിആർഐ പരിശോധിക്കുകയാണ്.  

You might also like

Most Viewed