അമിത മദ്യപാനത്തിൽ സഹികെട്ട് യുവാവിനെ പിതാവ് അടിച്ചു കൊന്നു


പാലക്കാട്: വടക്കഞ്ചേരിയിൽ പിതാവ് തലയ്ക്കടിച്ചതിനെത്തുടർന്ന് യുവാവ് മരിച്ചു. പരുവാശേരി നെല്ലിയാമ്പാടം മണ്ണാമ്പറമ്പിൽ വീട്ടിൽ മത്തായിയുടെ മകൻ ബേസിൽ (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30−ഓടെയാണ് സംഭവം. ഇസ്രയേലിൽ നഴ്സ് ആയിരുന്ന ബേസിൽ ഒരു വർഷം മുമ്പാണ് ജോലിയുപേക്ഷിച്ച് നാട്ടിലേക്ക് വന്നത്. ബേസിൽ രാത്രി മദ്യപിച്ചെത്തുന്നതിനെത്തുടർന്ന് ദിവസവും വീട്ടിൽ വഴക്കുണ്ടാവാറുണ്ട്.സംഭവ ദിവസവും മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കിയതിനെത്തുടർന്ന് പിതാവ് ബേസിലിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.വീടിനുള്ളിൽ ഹാളിലെ സ്റ്റെയർകെയ്സിനടുത്താണ് ബെയ്സിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കിടന്നിരുന്നത്. സമീപത്ത് വടിയും മറ്റും കിടക്കുന്നുണ്ട്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് കൃത്യം നടന്നിട്ടുള്ളത്. 

മൂന്ന് മണിക്കൂറിനു ശേഷമാണ് മകൻ മരിച്ച വിവരം മത്തായി അയൽവാസിയെ അറിയിക്കുന്നത്. വീട്ടിലെത്തിയ സുഹൃത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ബേസിലിനെ കണ്ട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 10 മണിക്കു തന്നെ ഇയാൾ മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ മത്തായിയെ (58) പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ പട്ടിക്കാട് പലചരക്കു കട നടത്തുകയാണ് മത്തായി. ഭാര്യ സാറാമ്മ കിടപ്പുരോഗിയാണ്.  കൃത്യത്തിനു ശേഷം മത്തായി ജീവനൊടുക്കാൻ ശ്രമിച്ചതായി സംശയിക്കുന്നു. 

You might also like

Most Viewed