സുരക്ഷയില്ല; കോഴിക്കോട്ടെ പൊതുപരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറി


കോഴിക്കോട്: കോഴിക്കോട്ടെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഗവര്‍ണര്‍ പിന്‍വാങ്ങി. ഡിസി ബുക്ക്സ് സംഘടിപ്പിക്കുന്ന ലിറ്ററി ഫെസ്റ്റിവലില്‍ നിന്നാണ് പിന്മാറ്റം. ഇന്ന് വൈകിട്ടായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്ന സെഷന്‍. തുറസ്സായ വേദിയിലുള്ള പരിപാടി ആയതിനാലാണ് പരിപാടിയില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. 

അതേസമയം പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പിന്മാറ്റമെന്നാണ് സൂചന.  സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പിന്‍വാങ്ങിയതെന്ന് രവി ഡിസി വ്യക്തമാക്കി. ഇന്ത്യന്‍ ഫെഡറലിസം എന്ന വിഷയത്തിലുള്ള സംവാദത്തില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ പൊതുസ്ഥലത്തുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ഗവര്‍ണര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഓഫീസ് സംഘാടകരെ അറിയിക്കുകയായിരുന്നു. ഓരോ സെഷനിലും ആയിരത്തില്‍ അധികം ആളുകളാണ് പങ്കെടുക്കുന്നത്.  ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായാല്‍ നിയന്ത്രിക്കാന്‍ കഴിയാതാകുമെന്ന് പൊലീസ് വിലയിരുത്തലും ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഒരു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പരിപാടി നടത്താന്‍ സംഘാടകരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ഗവര്‍ണര്‍ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് സംഘാടകരെ ഗവര്‍ണറുടെ ഓഫീസ് അറിയിക്കുകയായിരുന്നു. ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കവേ ഗവര്‍ണര്‍ക്കെതിരെ ഉണ്ടായ പ്രതിഷേധം കൂടി കണക്കിലെടുത്ത് വേണം ഗവര്‍ണറുടെ പിന്മാറ്റം.

You might also like

Most Viewed