എംജിയിലെ ക്രമക്കേടില്‍ ശ്രദ്ധക്കുറവുണ്ടായെന്ന് സമ്മതിച്ച് വൈസ് ചാന്‍സിലര്‍


കോട്ടയം: എംജി സര്‍വകലാശാലയില്‍ അടുത്തിടെയുണ്ടായ ക്രമക്കേടുകളില്‍ ശ്രദ്ധക്കുറവുണ്ടായെന്ന് സമ്മതിച്ച് വൈസ്ചാൻസിലര്‍. സര്‍വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ചേ ഇനി മുതല്‍ പ്രവര്‍ത്തിക്കൂവെന്ന് ഡോ. സാബു തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സര്‍വകലാശാല ഭരണത്തില്‍ അമിത സമ്മര്‍ദ്ദം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് വൈസ്ചാൻസില്‍ ഡോ. സാബുതോമസ് ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്. സര്‍വകലാശാല  വൈസ്ചാൻസിലര്‍മാര്‍ അമിത സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു എന്ന ഗവര്‍ണറുടേയും ഉന്നതവിദ്യാഭ്യാസ കൗണ്‍‍സില്‍ ചെയര്‍മാന്‍റേയും വിമര്‍ശനത്തിന് ശേഷമാണ് എംജി വിസിയുടെ തുറന്ന് പറച്ചില്‍. മാര്‍ക്ക്ദാനം, വിവാദ അദാലത്ത്, ഫാള്‍സ് നമ്പര്‍ രേഖപ്പെടുത്തിയ ഉത്തരക്കടലാസുകള്‍ സിൻഡിക്കേറ്റംഗത്തിന് ഒപ്പിട്ട് നല്‍കിയ സംഭവത്തിലൊക്കെ നോട്ടക്കുറവുണ്ടായി എന്നാണ് വൈസ് ചാൻസിലര്‍ പറയുന്നത്. നല്‍കിയ വിശദീകരണങ്ങളില്‍ ഗവര്‍ണ്ണര്‍ തൃപ്തനാണ്. അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്ന് ചില നിര്‍ദേശങ്ങളുണ്ടായി. ഗവര്‍ണറുടെ ഹിയറിംഗില്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തും. അദാലത്തിലൂടെ മാര്‍ക്ക്ദാനം നേടിയവരുടെ ബിരുദം റദ്ദാക്കിയ നടപടിയില്‍ ചെറിയ പാകപ്പിഴ പറ്റിയെന്ന് പറഞ്ഞ വിസി അത് തിരുത്തുമെന്നും വ്യക്തമാക്കി. 

You might also like

Most Viewed