ഗതാഗതസൗകര്യവും ഇല്ലാത്തതിനാൽ അട്ടപ്പാടിയിൽ വയോധിക ചികിത്സകിട്ടാതെ മരിച്ചു


അഗളി: വീട്ടിലെത്താൽ ഗതാഗതസൗകര്യവും ഇല്ലാത്തതിനാൽ അട്ടപ്പാടിയിൽ വയോധിക ചികിത്സകിട്ടാതെ മരിച്ചു. മൂച്ചിക്കടവ് സ്വദേശി വേലാത്താളാണ് (90) വൈദ്യസഹായം ലഭിക്കാതെ ബുധനാഴ്ചരാത്രി മരിച്ചത്. വീട്ടിലെത്താൽ പാലവും ഗതാഗതസൗകര്യവുമില്ലാത്തതിനാൽ ശിരുവാണിപ്പുഴയിലൂടെ ശവമഞ്ചത്തിൽ ചുമന്ന് അക്കരെ കടത്തിയാണ് മൃതദേഹം നെല്ലിപ്പതിയിലുള്ള ശ്മശാനത്തിലെത്തിച്ചത്.

കഴിഞ്ഞ ഓഗസ്റ്റിൽ പെയ്ത കനത്തമഴയിൽ ശിരുവാണിപ്പുഴയിൽ വെള്ളമുയർന്ന് അഗളി−ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂച്ചിക്കടവ് പാലത്തിന്റെ പ്രവേശനപാതയും കൈവരികളും പൂർണമായും തകർന്നിരുന്നു. പ്രദേശവാസികൾ മരംകൊണ്ട് താത്കാലികമായി നിർമിച്ച തൂക്കുപാലത്തിലൂടെയാണ് യാത്രചെയ്തിരുന്നത്. വാഹനം എത്തേണ്ട അത്യാവശ്യഘട്ടങ്ങളിൽ ചിറ്റൂർ−കോട്ടമല വഴി അഞ്ച് കിലോമീറ്ററോളം ചുറ്റിയാണ് മൂച്ചിക്കടവിൽ എത്തിയിരുന്നത്. എന്നാൽ കോട്ടമല റോഡിൽ ഷോളയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോൺക്രീറ്റ് പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതവും ഇപ്പോൾ തടസ്സപ്പെട്ടിരിക്കയാണ്. രക്തസമ്മർദമുണ്ടായിരുന്ന വേലാത്താൾ ബുധനാഴ്ചരാത്രിയോടെ അവശയായിരുന്നു. അഗളി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കൊണ്ടുവന്നെങ്കിലും വീട്ടിലെത്താനാവാതെ തിരികെ പോകുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. പരേതനായ ബാലസുബ്രഹ്മണ്യന്റെ ഭാര്യയാണ് വേലാത്താൾ. മക്കൾ: ഷൺമുഖൻ, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: മഹേശ്വരി, സരസ്വതി. 

You might also like

  • KIMS Bahrain Medical Center

Most Viewed