ഉദ്യോഗസ്ഥരുടെ പരീക്ഷാ പരിശീലനകേന്ദ്രത്തില്‍ വിജിലന്‍സ് അന്വേഷണം


തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ പരീക്ഷാ പരിശീലനകേന്ദ്രം നടത്തിപ്പ് വിജിലന്‍സ് അന്വേഷിക്കും. പൊതുഭരണ സെക്രട്ടറിയുടെ ആവശ്യത്തെ തുടര്‍ന്നാണ് അന്വേഷണം. ഡിവൈഎസ്പിക്കായിരിക്കും ചുമതല. പിഎസ്‌സി സെക്രട്ടറിയും അന്വേഷണമാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. പരീക്ഷ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരുടെ കോച്ചിംഗ് സെന്‍ററുകൾ‍ ശ്രമിക്കുന്നുവെന്ന ഉദ്യോഗാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

പിഎസ്‌സിയുടെ ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യുന്ന രഹസ്യ സ്വഭാവമുള്ള സെക്‌ഷനുകളില്‍ ജോലി ചെയ്യുന്നവരുമായി കോച്ചിങ് സെന്‍ററുകള്‍ക്ക് ബന്ധമുണ്ടെന്നാണ് ഒരു കൂട്ടം ഉദ്യോഗാര്‍ഥികളുടെ പരാതി. തലസ്ഥാനത്തെ രണ്ടു കോച്ചിങ് സെന്‍ററുകളുടെ പേരെടുത്ത് പറഞ്ഞാണ് ഇവര്‍ പിഎസ്‌സിക്ക് പരാതി നല്‍കിയത്. അത് നടത്തുന്നുവെന്ന് കരുതുന്ന പൊതുഭരണ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരുടെ പേരും ചൂണ്ടികാണിച്ചിട്ടുണ്ട്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന ഇവര്‍ ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യുന്ന സെക്ഷനുകളിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സെക്രട്ടേറിയറ്റിലെ സ്വാധീനമാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത്. ഇത് പിഎസ്‌സിയുടെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുമെന്നും പരാതിയില്‍ പറയുന്നു.  

അതേ സമയം മൂന്ന് ഉദ്യോഗസ്ഥരിൽ രണ്ട് പേർ ദീർഘകാല അവധിയെടുത്താണ് പരിശീലന കേന്ദ്രം നടത്തുന്നത്. മറ്റൊരാൾ സർവീസിൽ തുടരുന്നുണ്ട്. പരിശീലന കേന്ദ്രങ്ങളുടെ ഉടമസ്ഥത ഇവരുടെ പേരിലല്ല എന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഉദ്യോഗാർത്ഥികളെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും ഇവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിലൊരാൾ കെഎഎസിന്റെ പ്രിലിമിനറി പരീക്ഷ എഴുതിയിരുന്നു. ഉദ്യോഗാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി, കെഎഎസ് പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഈ പരിശീലന കേന്ദ്രങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് നൽകി തുടങ്ങിയ ആരോപണങ്ങളാണ് ഉദ്യോഗസ്ഥർക്ക് എതിരെ ഉയർന്നിരിക്കുന്നത്. ഈ ഉദ്യോഗസ്ഥർ സമർപ്പിച്ചിരിക്കുന്ന സ്വത്തുവിവരങ്ങളുടെ വിശദമായ പരിശോധന, പിഎസ്‌സി ജീവനക്കാരുമായി ഇവർക്ക് എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

You might also like

Most Viewed