തല ചായ്ക്കാനിടമില്ല; കടത്തിണ്ണയിൽ അന്തിയുറങ്ങി മൂന്നംഗ കുടുംബം


ആലപ്പുഴ: തല ചായ്ക്കാൻ സുരക്ഷിതമായ ഒരിടമില്ലാതെ കടത്തിണ്ണയിൽ അഭയം തേടി മൂന്നംഗ കുടുംബം.  മെഡിക്കൽ കോളേജിൽ ദിവസ വേദന അടിസ്ഥാനത്തിൽ ശുചീകരണ തൊഴിലാളിയായ മണിക്കുടനും കുടുംബവുമാണ് സ്വന്തമായി വീടോ, സ്ഥലമോ ഇല്ലാതെ അന്തിയുറങ്ങാൻ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടപന്തലിലുള്ള കടത്തിണ്ണയിൽ അരവയറുമായി കടന്നു ചെല്ലുന്നത്. 

രോഗിയായ ഭാര്യയുടെയും എട്ടു വയസ്സുകാരനായ മകന്റെയും ഏക ആശ്രയം മണിക്കുട്ടന്റെ തുച്ഛമായ വരുമാനമാണ്. ഒന്നര മാസം ജോലി ചെയ്താൽ പിന്നെ മൂന്ന് മാസം മാറിനിൽക്കണം എന്നതാണ് ജോലിയുടെ വ്യവസ്ഥ. അതിനാൽ തന്നെ വാടക വീട് എടുക്കാനോ, മകനെ സ്‌കൂളിൽ വിടാനോ പറ്റാത്ത സ്ഥിതിയാണ്.
ജോലിയുള്ള ദിവസങ്ങളിൽ പകൽ രോഗിയായ ഭാര്യയെയും മകനെയും ഒപ്പം കൂട്ടും. ആശുപത്രിയിലെ ഏതെങ്കിലും ഒഴിഞ്ഞ ഭാഗത്ത് ഇവരെ ഇരുത്തും. ആശുപത്രിയിൽ സംഘടനകൾ വിതരണം ചെയ്യുന്ന പൊതിച്ചോറാണ് ഉച്ച ഭക്ഷണം. വൈകീട്ട് ആരുടെയെങ്കിലും കനിവുണ്ടെങ്കിലേ ആഹാരം കഴിക്കാനാകൂ.
മൂന്നാം ക്ലാസിൽ പഠനം നിർത്തി തെരുവിൽ ബാല്യം ഹോമിച്ച് തീർക്കേണ്ടി വരുന്ന ശ്യാമിന്റെ നിഷ്‌കളങ്കമായ ചിരി ആരുടേയും മനസ്സിനെ നൊന്പരപ്പെടുത്തും.

You might also like

Most Viewed