മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വനം മന്ത്രി


തിരുവനന്തപുരം നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വനം മന്ത്രി കെ രാജു. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ എന്‍ഒസി നല്‍കിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഒസി സംഭന്ധിച്ച വിഷയം തനിക്ക് അറിയില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. കേസ് പിന്‍വലിക്കുക എന്നത് ആഭ്യന്തര വകുപ്പിന്റ അഭിപ്രായമാണ്. വിഷയത്തില്‍ നിയമ വകുപ്പിന്റെ അഭിപ്രായം അറിയേണ്ടതുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയ ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എടുക്കുക. എന്‍ഒസി വിഷയത്തില്‍ ആഭ്യന്തര വകുപ്പിലെ ബന്ധപ്പെട്ടവരില്‍ നിന്നും അദ്ദേഹം വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചതായിഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എന്‍ഒസിയുടെ പകര്‍പ്പ് വിവിധ വകുപ്പുകള്‍ക്ക് അയച്ചതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍ വനം വകുപ്പ് ആസ്ഥാനത്ത് കത്ത് ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടുകയും ചെയ്തിരുന്നു.
കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. 2019 ഡിസംബര്‍ നാലിന് ഡിജിപിയോട് ഇത് സംബന്ധിച്ച നിയമോപദേശവും സര്‍ക്കാര്‍ തേടി. കേസ് പിന്‍വലിക്കാമെന്ന് നിയമോപദേശമാണ് ഡിജിപി നല്‍കിയത്. ഈ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് പിന്‍വലിക്കുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ക്ക് ഈ മാസം ഏഴിന് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്തയച്ചത്.
2012 ജൂണില്‍ ആദായനികുതി വിഭാഗം മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവര്‍ത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

You might also like

Most Viewed