അന്പായത്തോട്ടിൽ വീണ്ടും മാവോയിസ്റ്റ് അനൂകൂല പോസ്റ്റർ


അന്പായത്തോട്(കണ്ണൂർ): സായുധരായ മാവോയിസ്റ്റുകൾ രണ്ട് തവണ പ്രകടനം നടത്തിയ അന്പായത്തോട്ടിൽ വീണ്ടും മാവോയിസ്റ്റ് അനൂകൂല പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അന്പായത്തോട് ടൗണിൽ മാവോയിസ്റ്റുകൾ പോസ്റ്റുകൾ പതിപ്പിച്ചത് എന്ന്‌ സംശയിക്കുന്നു. സിപിഐ (എംഎൽ) പശ്ചിമഘട്ട മേഖലാ സമിതിയുടെ പേരിലുള്ളതാണ് പോസ്റ്ററുകൾ. എസ്ഡിപിഐ, പി എഫ് ഐ എന്നീ സംഘടനകൾ പൗരത്വ ബില്ലിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളുടെ മറവിലുള്ള മതതീവ്രവാദ പ്രവർത്തനങ്ങളും ഹവാല, റിയൽ എസ്‌റ്റേറ്റ് ഇടപാടുകളും പൊതുജനങ്ങൾ തിരിച്ചറിയുക, ഓപ്പറേഷൻ സമാധാൻ തള്ളിക്കളയുക, ഭരണകൂട ഭീകരത അട്ടപ്പാടിയിലും വയനാട്ടിലും നിലന്പൂരിലും നടത്തിയ വ്യാജ ഏറ്റുമുട്ടലുകൾക്ക് തിരിച്ചടി നൽകുക എന്ന സന്ദേശവും ഇത്തവണ പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റ് പോസ്റ്ററുകളിൽ ഉണ്ട്. 

തിങ്കളാഴ്ച രാത്രിയിൽ ആറളത്ത് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതെ സംഘം തന്നെ ആയിരിക്കും കൊട്ടിയൂർ അന്പായത്തോടിലും പോസ്റ്റുകൾ പതിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.‌

You might also like

Most Viewed