ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ്: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു


കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നു വൻ തുക തട്ടിയെടുത്ത സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എം.എം അൻവറിനെയാണ് സിപിഎം സസ്പെൻഡ് ചെയ്തത്. പ്രളയ ദുരുതാശ്വാസ ഫണ്ടിൽ നിന്നും 10.54 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് നടപടി. പ്രളയ ദുരിതബാധിതനല്ലാത്ത അൻവറിന്‍റെ അക്കൗണ്ടിലേക്ക് പത്തരലക്ഷം രൂപ കളക്ടറേറ്റിൽ നിന്നു അനധികൃതമായി നൽകുകയായിരുന്നു. 

സംഭവം വിവാദമായതോടെ ജില്ലാ കളക്ട‌ർ എസ്. സുഹാസ് പണം തിരിച്ചുപിടിച്ചിരുന്നു. പ്രളയ സഹായത്തിന് അപേക്ഷിച്ചിട്ടില്ലെന്നും എങ്ങനെയാണ് പണം എത്തിയതെന്ന് അറിയില്ലെന്നുമാണ് അൻവർ പാർട്ടിക്ക് നൽകിയ വിശദീകരണം. സംഭവത്തിൽ കളക്ടറേറ്റിലെ ദുരിതാശ്വാസ സെക്ഷൻ ക്ലാർക്കായിരുന്ന വിഷ്ണു പ്രസാദ്, സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം.അൻവർ, കാക്കനാട് സ്വദേശി മഹേഷ് എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കളക്ടറേറ്റിലെത്തിയ അസിസ്റ്റന്‍റ് കമ്മിഷണർ കളക്ടർ ഉൾപ്പെടെയുള്ളവരിൽ നിന്നു വിവരം ശേഖരിച്ചിരുന്നു. മഹേഷ് വഴിയാണ് അൻവറിന്‍റെ അക്കൗണ്ടിലേക്കു പണമെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

You might also like

Most Viewed