സുരേന്ദ്രന് കീഴിൽ നിൽക്കാനാകില്ലെന്ന് നേതാക്കൾ; സംസ്ഥാന ബിജെപിയിൽ കലാപം


തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രൻ എത്തിയതോടെ സംസ്ഥാന ബിജെപിയിൽ കലാപം. കെ സുരേന്ദ്രന്‍റെ നേതൃത്വത്തെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പികെ കൃഷ്ണദാസ് പക്ഷ നേതാക്കളെല്ലാം. കെ സുരേന്ദ്രന് കീഴിൽ പ്രവര്‍ത്തിക്കാനാകില്ലെന്നും പാര്‍ട്ടി പദവികൾ ഏറ്റെടുക്കാനുമില്ലെന്ന ഉറച്ച തീരുമാനം അനുനയ ചര്‍ച്ചകളിലും ആവര്‍ത്തിക്കുകയാണ് എഎൻ രാധാകൃഷ്ണനും എംടി രമേശും അടക്കുമുള്ള നേതാക്കൾ. ഗ്രൂപ്പ് നോക്കിമാത്രം മണ്ഡലം, ജില്ലാ പ്രസിഡണ്ടുമാരെ തീരുമാനിക്കുന്നുവെന്ന പരാതി ദേശീയ നേതൃത്വത്തിന് മുന്നിൽ ഉന്നയിക്കാനൊരുങ്ങുകയാണ് കൃഷ്ണദാസ് പക്ഷം. കാസർക്കോട്ട് രവീശതന്ത്രി കുണ്ടാര്‍ ഉയർത്തിയ പരസ്യ വിമർശനവും സുരേന്ദ്രനെതിരെ ആയുധമാക്കാനാണ് നീക്കം. കെസുരേന്ദ്രന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും വിട്ടുനിന്ന മറ്റൊരു ജനറൽ സെക്രട്ടറിയായ ശോഭാ സുരേന്ദ്രനും അതൃപ്തയാണ്. നിലവിലെ ജനറൽ സെക്രട്ടറിമാരിൽ ചിലരെ മാറ്റാൻ മുരളീപക്ഷത്തിന് ആലോചനയുണ്ട്. പക്ഷെ മൂന്ന് പേരും ഒരുമിച്ച് മാറിനിന്നാൽ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് മുരളീധരവിഭാഗത്തിന്‍റെ വിലയിരുത്തൽ. ദേശീയ നേതൃത്വത്തിൻറെ ഒത്ത് തീർപ്പ് ശ്രമങ്ങൾ ഇനിയും തുടരാനാണ് സാധ്യത.

കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനിച്ച് ദേശീയ നേതൃത്വത്തിന്‍റെ പ്രഖ്യാപനം വന്ന നിമിഷത്തിൽ തുടങ്ങിയ അതൃപ്തിയാണ് ദിവസങ്ങൾക്ക് ശേഷവും പരിഹാരം കണ്ടെത്താനാകാതെ നീളുന്നത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രന് ഒപ്പം പരിഗണിച്ചിരുന്ന എഎൻ രാധാകൃഷ്ണനും, എംടി രമേശും, ശോഭാ സുരേന്ദ്രനും അടക്കമുള്ളവര്‍ പാര്‍ട്ടി പദവികൾ ഉപേക്ഷിക്കുകയാണെന്ന് അധികം വൈകാതെ പ്രഖ്യാപിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നടന്ന കെ സുരേന്ദ്രന്‍റെ സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ പോലും നേതാക്കളുടെ പെരുമാറ്റം വലിയ ചര്‍ച്ചയുമായി. എഎൻ രാധാകൃഷ്ണനും എംടി രമേശും ഇടക്ക് വന്ന് പോയെങ്കിലും ശോഭ സുരേന്ദ്രൻ ചടങ്ങ് പൂര്‍ണ്ണമായും ബഹിഷ്കരിക്കുകയും ചെയ്തു.

You might also like

Most Viewed