തയ്യിൽ ഒന്നരവയസ്സുകാരന്റെ കൊലപാതകം: കുട്ടിയുടെ അമ്മയുടെ കാമുകനും അറസ്റ്റില്‍


കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകനും അറസ്റ്റിൽ. കണ്ണൂർ വാരം സ്വദേശിയായ നിഥിനെയാണ് വ്യാഴാഴ്ച ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലപാതക പ്രേരണാക്കുറ്റം ചുമത്തി. ഫെബ്രുവരി 16−നാണ് ശരണ്യ−പ്രണവ് ദമ്പതിമാരുടെ മകൻ വിയാന്റെ മൃതദേഹം തയ്യിൽ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ഉറക്കികിടത്തിയിരുന്ന മകനെ കാണാതായെന്നായിരുന്നു ദമ്പതിമാരുടെ മൊഴി. എന്നാൽ പോലീസ് സംഘത്തിന്റെ 24 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ ശരണ്യ കുറ്റംസമ്മതിക്കുകയായിരുന്നു. കാമുകനോടൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നായിരുന്നു ശരണ്യയുടെ മൊഴി. പ്രണവിനൊപ്പം ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ ശരണ്യ എടുത്തുകൊണ്ട് പോവുകയും കടപ്പുറത്തെ കടൽഭിത്തിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം ഭർത്താവായ പ്രണവിന്റെ തലയിൽ കെട്ടിവെയ്ക്കാനായിരുന്നു ശരണ്യ ആദ്യം ശ്രമിച്ചത്. ഒടുവിൽ ശാസ്ത്രീയ തെളിവുകളടക്കം എതിരായതോടെ അവർ പോലീസിനോട് എല്ലാം തുറന്നുപറയുകയായിരുന്നു. 

അതേസമയം, കൊലപാതകത്തിൽ കാമുകന് നേരിട്ട് പങ്കില്ലാത്തതിനാലാണ് നിഥിനെ അന്ന് പോലീസ് അറസ്റ്റ് ചെയ്യാതിരുന്നത്. നേരത്തെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയിലായിരിക്കെ നിഥിന്റെ നിരവധി കോളുകളാണ് ശരണ്യയുടെ മൊബൈലിൽ വന്നിരുന്നത്. അന്വേഷണത്തിൽ ഈ ഫോൺകോളുകളും ഇരുവരുടെ വാട്സാപ്പ് സന്ദേശങ്ങളും നിർണായകമായിരുന്നു.

You might also like

Most Viewed