നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിനായി മഞ്ജു വാര്യര്‍ കോടതിയിലെത്തി


കൊച്ചി: നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി മഞ്ജു വാര്യര്‍ കോടതിയിലെത്തി. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജു ഇന്നു രാവിലെയാണു കോടതിയിലെത്തിയത്. ചലച്ചിത്ര മേഖലയില്‍നിന്നുള്ള ഗീതു മോഹന്‍ദാസ്, സംയുക്തവര്‍മ, ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവര്‍ വരും ദിവസങ്ങളില്‍ സാക്ഷി വിസ്താരത്തിനെത്തുമെന്നാണു വിവരം. 2017 ഫെബ്രുവരി 17−നാണ് നടിയെ ആക്രമിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയ സംഭവമുണ്ടായത്. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി കുറ്റകൃത്യത്തിനുശേഷം കോയമ്പത്തൂരില്‍ തങ്ങിയ താവളത്തിനു സമീപത്തെ നാലുപേരെ കഴിഞ്ഞ ആഴ്ച കോടതി വിസ്തരിച്ചിരുന്നു. ഇവര്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. സുനിയുടെ കൂട്ടുപ്രതി മണികണ്ഠന്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയ കടക്കാരന്‍, സ്വര്‍ണമാല പണയപ്പെടുത്തിയ ധനകാര്യ സ്ഥാപനത്തിന്‍റെ ഉടമ എന്നിവരും പ്രതിയെ തിരിച്ചറിഞ്ഞു. കേസില്‍ നിര്‍ണായക സാക്ഷിയായ അഭിഭാഷകനെയും കോടതി കഴിഞ്ഞ ആഴ്ച വിസ്തരിച്ചിരുന്നു.

You might also like

Most Viewed